മനസ്സിന്റെ അസ്വസ്ഥമായ നിലാ വെളിച്ചത്ത് ഓര്‍മയുടെ ചില്ലകളില്‍ അവരുടെ കുറെ പേരുടെ മുഖങ്ങള്‍ വന്നു ചേക്കേറിയത് മുഖപുസ്തകത്തിലെ ഒരു സ്റ്റാറ്റസ് മെസ്സേജ് ആയിരിക്കുമോ ഒരു കാരണം??? .മറക്കുമ്പോഴല്ലേ ഓര്‍മിക്കേണ്ടിവരുന്നത് !!മരിക്കാതെ നില്‍കുന്ന പലതും നമ്മുടെ ജീവിത്തിന്റെ സ്വകാര്യതകളില്‍ ഉണ്ടല്ലോ അല്ലെ ?
ഇന്നവര്‍ ഓര്‍മയായി എന്റെ മനസ്സില്‍ അവശേഷിക്കുമ്പോള്‍ കണ്ണുകള്‍ കൂടെ കൂടെ സജലങ്ങള്‍ ആകുന്നത് ഓര്‍മകളിലെ അവര്‍ ഇന്ന് എന്നോടൊപ്പം ഇല്ലല്ലോ എന്നോര്‍ത്താണ് .ഉള്ളവര്‍പോലും ഓര്‍മയായി മാറുന്ന കാലത്ത് ഒരു പക്ഷെ മങ്ങലേല്‍ക്കാത്ത സൌഹൃദവും സ്നേഹവും നല്‍കി തിരശീലകള്‍ക്ക് അപ്പുറം മറഞ്ഞിരിക്കുന്ന അവരാണ് പലപ്പോഴും എന്റെ ഏകാന്തതയില്‍ ആശ്വാസം ..അവരുമായി പങ്കിട്ട നിമിഷങ്ങള്‍ എല്ലാം എണ്ണപെട്ടതായിരുന്നു എന്ന് അറിയാത്ത ആ നിമിഷങ്ങള്‍ക്ക് ഇന്ന് ഏതു സമ്പത്തിനെക്കാളും വിലപിടിപ്പുണ്ട്,ജീവിതമെന്ന പുസ്തകത്തിന്റെ താളുകള്‍ പിന്നോട്ട് മറിച്ച് നോക്കുമ്പോള്‍ എല്ലാം ഒരു കടം കഥപോലെ .....ഉത്തരം കിട്ടാത്ത ഒരു കടം കഥ .
ഹൈ സ്കൂളില്‍ പഠിക്കുന്ന കാലത്താണ് മരണം എന്ന പ്രതിഭാസത്തെ മുഖാ മുഖം കണ്ടത് .മരണത്തോട് മല്ലടിച്ച് സ്വന്തം ശ്വാസത്തെ ഉള്ളിലോട്ടു ആഞ്ഞുവലിക്കുമ്പോഴും സ്വന്തം ആത്മാവിനെ തന്നില്‍ നിന്നും ഉരിയെടുക്കരുതെ എന്നപെക്ഷിക്കുന്ന വേദനയില്‍ ചേരട്ടയെ പോലെ ചുരുളുകയും, പിന്നീട് നിവരുകയും നിലവിളിക്കുകയും ചെയ്ത റഷീദ്ക്കയുടെ മുഖം ..ആ ഭീകര നിമിഷം റഷീദ്ക്കയുടെ അടുത്ത് അനിയന്മാരും ഉമ്മയും ഉപ്പയും ഞങ്ങളും അങ്ങിനെ കുറെ പേരുണ്ടായിരുന്നു ..എന്നിട്ടും ആര്‍ക്കും ഒന്നും ചെയ്യാനാകാതെ അദ്ധേഹത്തെ മരണവുമായി മല്ലടിക്കാന്‍ വിട്ടുകൊടുത്തു നിറകണ്ണുകളോടെ നോക്കി നിന്നപ്പോള്‍ എനിക്ക് എന്നോട് പോലും ഭയവും വെറുപ്പും നിരാശയും നിസാരതയും തോന്നി ...
കാന്‍സര്‍ എന്റെ മുന്നില്‍ നിന്നും മരണമെന്ന വേഷം കെട്ടിയാടി അറുത്തെടുത്ത ഒരു ജീവിതം ...അതിനു ശേഷം ബന്ധങ്ങളെ ഞാന്‍ പതിന്‍ മടങ്ങ് സ്നേഹിച്ചു ..ഇന്ന് കാണുന്നവരെ നാളെ കാണില്ല എന്ന ഉള്‍ബോധത്തോടെ തന്നെ ..അവരെ സ്നേഹിക്കാന്‍ എനിക്കും സമയം വേണ്ടത്ര കിട്ടിയില്ലെങ്കില്‍ എന്ന ഒരു തിരിച്ചറിവായിരുന്നു അന്ന് ഉള്ളില്‍ നിറഞ്ഞത് ...റഷീദ്ക്കയുടെ ഭാര്യയും കുഞ്ഞും അനാഥമായെങ്കിലും സ്നേഹവവും അതിലുപരി സഹതാപവും അവരുടെ ജീവിത തിരി കേടാതിരിക്കാനുള്ള എണ്ണയായി മാറി ...
പലപ്പോഴും എന്റെ സ്നേഹിക്കാനുള്ള വ്യഗ്രത,സ്നേഹിക്കപെടാനുള്ള ത്വര എന്നെ തെറ്റിധാരണയുടെ മുള്‍ മുനമ്പില്‍ നിര്‍ത്തുകയും എന്റെ നിരപരാതിത്വവും നിഷ്കളങ്കമായ സ്നേഹവും വേണ്ടപെട്ടവരെ അറിയിക്കാന്‍ കഴിയാതെ ഞാന്‍ ഒത്തിരി പിടഞ്ഞിട്ടുണ്ട് ... എന്നെ അകറ്റാന്‍ നോക്കുന്നവരുമായി ഞാന്‍ എന്നും അടുക്കാന്‍ ശ്രമിക്കുകയെ ചെയ്യാറോള്ളൂ...കാരണം ഓരോ ദിവസം നീങ്ങുമ്പോഴും നമ്മള്‍ നമ്മുടെ മരണവുമായി അടുക്കുകയാണല്ലോ....
റഷീദ്ക്കയുടെ മരണം ഉള്ളില്‍ തെളിയിച്ചു തന്ന ആ ഉണര്‍വിന്റെ വെളിച്ചം ഇന്നും കെടാതെ ഞാന്‍ സുക്ഷിക്കുന്നു ..പലരും മറന്നു പോയ ഒരു വ്യക്തിത്വം ആകാം അദ്ദേഹം ഇന്ന് ..പക്ഷെ ആ ദിനത്തെ പല ആവര്‍ത്തി മറക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇന്നും അതൊരു ഭീകരമായ ഓര്‍മയാണ് ,തിരിച്ചറിവാണ്...ജീവിതമെന്ന് പേരിട്ടു വിളിക്കുന്ന ഭൂമിയില്‍ ജീവിക്കുന്ന ഏതാനും നിമിഷങ്ങളെ കുറിച്ച് ...എണ്ണാന്‍ ഒരിക്കല്‍ പോലും ശ്രമിക്കാത്ത ഹൃദയതുടിപ്പുകളെ കുറിച്ച് ...എല്ലാത്തിന്റെയും നൈമിഷികതയെ കുറിച്ച് ....
"മരിക്കുമെന്ന വിചാരത്തോട്
കൂടി നീ ജീവിക്കുക .
വേര്‍പ്പെടുന്നവന്നാണെന്ന
ചിന്തയോട്കൂടി
ആഗ്രഹിച്ചവനെ
നീ സ്നേഹിക്കുക ..."