[Click the above title link to read the first post ]
...പിന്നീട് ആ അപ്രതീക്ഷിത വിരുന്നുകാരന് കൂടെ കൊണ്ടുപോയത് എന്റെ പ്രിയ സുഹൃത്ത് സജിതയെ ആയിരുന്നു.ഗ്രാമീണ സൌന്ദര്യത്തില്‍ നിഷ്കളങ്കതക്ക് ഉണ്ടായ കുഞ്ഞു എന്ന് ഞാന്‍ അവളെ വിശേഷിപ്പിക്കും .സ്നേഹിക്കാന്‍ മാത്രമറിയുന്ന മനസ്സിനുടമ ...ഒരു തുളസിയുടെ നൈര്‍മല്യമുണ്ടായിരുന്നു അവള് പ്രയാസപ്പെട്ടു പറഞ്ഞിരുന്ന ഓരോ വാക്കിലും ...അവളുടെ കുറച്ചു നാളുകള്‍ മാത്രമേ ഈ ഭുമിയില്‍ എനിക്ക് നല്കിയെന്നെങ്കിലും ,മനസ്സിനടി തട്ടില്‍ എവിടെയോ പതിഞ്ഞു പോയൊരു ഫ്രെമില്‍ അവള് ഇപ്പോഴും ജീവിക്കുന്നു എന്നില്‍ ...
വിക്ക് ഉണ്ടായിരുന്ന അവള്‍ക്ക് ,ടെന്‍ഷന്‍ കൂടിയാല്‍ കൂടുതല്‍ പ്രയാസപ്പെടും ,വാക്കുകളെ പുറത്തേക്കു തള്ളാന്‍!അവളെ മനോധൈര്യം നല്കി സ്നേഹിക്കാന്‍ കോളേജിലെ നല്ലവരായ സുഹൃത്തുക്കളും അധ്യാപകരും മത്സ്സരിച്ചുരുന്നതായി എനിക്ക് പലപ്പോഴായി തോന്നിയിരുന്നു ...എല്ലാവര്ക്കും അവള് അത്ര കണ്ടു അരുമയായിരുന്നു...
മിക്ക വീക്ക് എന്ടിലും സജി എന്നെ വിളിക്കുകയും ,വിക്ക് മറന്നു ഒരു ഒഴുക്കോടെ കളി തമാശകള്‍ പറയുകയും ചെയിതിരുന്ന അവള് ഒരിക്കല്‍ പലതും പറയുന്ന കൂട്ടത്തില്‍ പറഞ്ഞു "നിനക്ക് ഞാന്‍ തിങ്കളാഴ്ച വരുമ്പോള്‍ ഉണ്ണിയപ്പം കൊണ്ട് വന്നതരാം ട്ട്വോ " .എനിക്കു ഒട്ടും ഇഷ്ട്ടമില്ലാത്ത സംഭവം ആയിട്ടും എന്തുകൊണ്ടോ മറുത്തൊന്നും പറയാതെ "ആയിക്കോട്ടെ മോളു " എന്ന് പറഞ്ഞു മറ്റു പല വിഷയങ്ങളിലോട്ടു കാട് കയറി ഞങ്ങള്‍ ...
തിങ്കളാഴ്ച പറന്നെത്തി ...അവളെ കണ്ടില്ല ...എന്ത് പറ്റി എന്നറിയാന്‍ വിളിച്ചപ്പോള്‍ ജലദോഷസ്വരത്താല്‍ അവള് പറഞ്ഞു "പനിയാണ് ...വരുകയും പോകുകയും ചെയ്യുന്നു ...പക്ഷെ ഞാന്‍ ഉണ്ണിയപ്പം മറന്നിട്ടില്ല " എന്ന് പറഞ്ഞു ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു ...ക്ലാസ്സിലെ വിവരങ്ങളും മറ്റും തിരക്കി "എല്ലാം പെട്ടന്ന് ഭേദമായി ,നല്ല മിടുക്കി സുന്ദരി കുട്ടിയായി ഉണ്ണിയപ്പവുമായി ഉണ്ണി ഉണ്ണാന്‍ വാ " എന്ന് കളി തമാശ പറഞ്ഞു ഫോണ്‍ വച്ചു ഞങ്ങള്‍ ...
പിന്നത്തെ ആഴ്ചയില്‍ ക്ലാസ്സില്‍ എല്ലാം ഒരു ചുണ്ടനക്കം കേട്ടു...രഹസ്യമായ പരസ്യം ...ഒട്ടും വിശ്വസിക്കാന്‍ കഴിയാത്ത സത്യം ...സജിക്ക് ബ്ലഡ് കാന്‍സര്‍ ആണെന്ന് ...അതറിഞ്ഞ നിമിഷത്തെ വിവരിക്കാന്‍ ഇന്നും വാക്കുകളില്ല ...എല്ലാം എത്ര പെട്ടെന്ന് മാറി മറിഞ്ഞു ...ഇനി അവളും മറയുമെന്നോ മണ്ണിലേക്ക് ???ഒത്തിരി ഉത്തരം കിട്ടാ ചോദ്യങ്ങള്‍ സ്വയം ഉള്ളില്‍ നീറിയെരിഞ്ഞ നിമിഷം ...ദൂരെ എങ്ങാണ്ടോ ഉള്ള ഹോസ്പിറ്റല്‍ ആയതു കൊണ്ട് അവളെ കേള്‍ക്കാനോ കാണാനോ പറ്റാത്ത അവസ്ഥ ശരിക്കും ഒരു ദയനീയ നിസ്സഹായവസ്ഥയായി മാറി .ഉറക്കമൊഴിഞ്ഞ പ്രാര്‍ഥനാ നിര്‍ഭരമായ രാവുകള്‍ മാത്രമേ അവള്‍ക്കായി എനിക്കു നല്കാന് കഴിഞ്ഞോള്ളൂ...
ആഴ്ചകള്‍ നീങ്ങി ...ഹോസ്പിറ്റലില്‍ നിന്നും നാട്ടിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിലേക്ക് അവള് വന്നു എന്ന വാര്‍ത്തയും ക്ലാസ്സിലെ ചുണ്ടാനക്കത്തില്‍ ഞാന്‍ കേള്‍ക്കാന്‍ ഇടവന്നു ...പലരും അവളുടെ അപ്പോഴത്തെ രൂപവും മറ്റും വിവരിച്ചു കൊണ്ട് ദീര്ഗ്ഗശ്വാസം വിട്ടു ...ആ അവസ്ഥയില്‍ എന്റെ സജിയെ തനിച്ച് കാണുക ,എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ !കോളേജിലെ പ്രിന്‍സിപ്പല്‍ അച്ഛനും മറ്റു ചില സുഹൃത്തുക്കള്‍ക്കൊപ്പവും ഞാന്‍ സജിയെ കാണാന്‍ പോയി ...ഹോസ്പിറ്റല്‍ വരാന്തയുടെ നീളം കുറഞ്ഞ് അവളുടെ റൂമിലേക്ക് അടുക്കുന്ന ഓരോ നിമിഷവും എന്റെ ഹൃദയമിടിക്കുന്നത് ഞാന്‍ കേള്‍ക്കുന്ന നിമിഷങ്ങളായിരുന്നു ...ഹൃദയം ചെവിക്കുള്ളിലാണോ മിടിക്കുന്നത് എന്ന് തോന്നി പോകുന്ന അവസ്ഥ ...മരണം എവിടെയൊക്കെയോ പതുങ്ങി മാറിനില്‍ക്കുന്നത് പോലെ ...
എല്ലാവരുടെയും ഏറ്റവും പിന്നിലായി മാത്രമാണ് ഞാന്‍ ആ റൂമിലേക്ക് കയറി ചെന്നത് ...പുഞ്ചിരി തൂകുന്ന ഇരുണ്ട നിറമുള്ള ശോഷിച്ച ഒരു പെണ്‍കുട്ടി ആയിരുന്നു ആ ബെഡില്‍ ...അത് എന്റെ സജി തന്നെയാണെന്ന് എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ഒത്തിരി നേരമെടുത്തു ...എല്ലാവരുടെയും കണ്ണുകള്‍ ഈറനണിയുംബോഴും അവള് പുഞ്ചിരിച്ചു കൊണ്ടിരുന്നു ...ആ പുഞ്ചിരി മാത്രമായിരുന്നു അവള് തന്നെയാണ് എന്റെ സജി എന്നറിയാനുള്ള ഏക അടയാളം ...
ഒന്നും മിണ്ടാതെ വിട്ടു മാറി അവള് കാണാതിരിക്കാന്‍ കണ്ണുകള്‍ തുടക്കുന്ന എന്നോട് അവള് ചോദിച്ച അവസാനത്തെ ചോദ്യം "ഉണ്ണിയപ്പം വേണ്ടേ നിനക്ക് ?കൊണ്ട് വന്ന് തരാന്‍ കഴിഞ്ഞില്ല നിക്ക് ...എന്റെ രൂപം കണ്ടു പേടിച്ചാണോ നീ മാറി നില്‍ക്കുന്നെ ?സത്യത്തില്‍ എനിക്ക് തന്നെ എന്നെ കണ്ണാടിയില്‍ കാണുന്നത് പേടിയാണ് ..." എന്ന് പറഞ്ഞു ഞങ്ങളെ ചിരിപ്പിക്കാന്‍ ഒരു പാഴ് ശ്രമമായിരുന്നു അത് .സങ്കടം അണ പൊട്ടി വന്നപ്പോള്‍ പ്രിന്‍സിപ്പല്‍ അച്ഛന്റെ വാക്കുകള്‍ ഓര്‍മയിലേക്ക് ചേക്കേറി വന്നു..."ആരും അവളുടെ മുന്നില്‍ കരയരുത് .അതിനു ഉറപ്പുളോര്‍ മാത്രം കൂടെ പോന്നാല്‍ മതി "..ഉടനെ ആ റൂം വിട്ടു പുറത്തേക്കു ഓടി എന്റെ ദുഖ മേഘങ്ങളേ സ്വസ്ഥം മേയാന്‍ വിട്ടു പെയിത് തീര്‍പ്പിച്ചു ...വീണ്ടെടുത്ത മുഖവുമായി തിരികെയെത്തി ...
അപ്പോഴും ആ മുറിയില്‍ അവള് അല്ലാതെ വേറെ ആരും സംസാരിച്ചിരുന്നില്ല ...പോകാം എന്ന ഭാവേനെ ഫാദര്‍ ആംഗ്യം കാണിച്ചപ്പോള്‍ ,അവള് ഫാദര്‍ നോട് ചോദിച്ച ചോദ്യം എല്ലാവരെയും തളര്‍ത്തി ...."അവസാനമായി അച്ഛന് എന്നെ തൊട്ട് ഒന്ന് പ്രാര്‍ഥിച്ചു അനുഗ്രഹിച്ച് പോവില്ലേ?" എന്ന്...വല്ലാത്ത ഒരു നിമിഷമായിരുന്നു അത് ...അവളുടെ തലയില്‍ തൊട്ട് അച്ഛന് പ്രാര്‍ഥനകള്‍ ഉരുവിടുമ്പോള്‍ അവളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു...ഒത്തിരി വൈകാരിക നിമിഷങ്ങള്‍ സമ്മാനിച്ച ആ റൂം വിട്ടു "ഇനിയും വരാം " എന്ന് പറഞ്ഞു പിരിഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ കണ്ട കണ്ണുനീര് തുള്ളികള്‍ അവളുടെ അവസാനത്തെ യാത്രയപ്പിന്റെ സമ്മതം ചോദിക്കുന്നത് പോലെ തോന്നി എനിക്കു ....എങ്കിലും അവളുടെ വദനത്തില്‍ ഒരിക്കലും വറ്റാത്ത ആ പുഞ്ചിരി അപ്പോഴും ഉണ്ടായിരുന്നു ....
പിന്നീട് സജിയെ കാണുന്നത് അവളുടെ വീട്ടിലെ തൊടിയിലെ ഒരു മണ് കൂനയായാണ് ...ഞങ്ങള്‍ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു...അവളെ അടക്കം ചെയ്ത സ്ഥലത്തിന് ചുറ്റും നിന്ന് ഞങ്ങളും ഞങ്ങളോടൊപ്പം വന്ന ഞങ്ങളുടെ ജോഷി സാറും മൌനമായി പ്രാര്‍ഥിച്ചു ...ഞാന്‍ പ്രാര്‍ഥനക്ക് ഉപരി അവളെ കുറിച്ചുള്ള ഓര്‍മകളില്‍ മുഴുകി എന്ന് പറയുന്നതാകും സത്യം ...
ഏകമകളുടെ വിയോഗത്തിനോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന അവളുടെ അച്ഛനും അമ്മയും ഞങ്ങളിലെല്ലാവരിലും അവളെ കണ്ടെത്താന്‍ ശ്രമം നടത്തി സ്വയം ആശ്വസിച്ചു ...അവളുടെ കുറെ നല്ല ഓര്‍മകളെ പടങ്ങളുടെ രൂപത്തില്‍ അവര്‍ ആല്‍ബത്തില്‍ സ്വരുക്കൂട്ടിയത് ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു തന്നു ...അവളുടെ ആദ്യത്തെ ആണ്ടിനും ഞങ്ങള്‍ അവളെ കാണാന്‍ പോയിരുന്നു ...വേദനയുടെ കാഠിന്യം കുറഞ്ഞിരുന്നെങ്കിലും ഓര്‍മ്മകള്‍ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല ഇന്നും ....
സജിയെ അടക്കം ചെയിതത്തിന്റെ പിറ്റേ ദിവസം കേട്ട വാര്‍ത്ത സത്യത്തില്‍ മനുഷ്യരോട് തന്നെ വെറുപ്പുണ്ടാക്കുന്നതായിരുന്നു ...അടക്കം ചെയ്യുമ്പോള്‍ അവള് ഉപയോഗിച്ച എല്ലാ സാധങ്ങളും അവള്‍ക്കൊപ്പം വയ്ക്കണമെന്ന ആചാരത്തില്‍ വിലപിടിപ്പുള്ള വല്ലതും വച്ചിട്ടുണ്ടെങ്കില്‍ അതെടുക്കാന്‍ ഒരു കള്ളന്റെ ശ്രമമായി അവളുടെ അന്ത്യവിശ്രമ സ്ഥലം മാന്തിതുറക്കാനുള്ള ശ്രമം !!!സത്യമോ കളവോ അതിന്റെ വേര് ചികഞ്ഞില്ല ...അവളെക്കാളും കൂടുതല്‍ വിലപ്പെട്ടത് അയാള്‍ക്ക് എന്ത് കണ്ടെത്താനാകും അവിടെ എന്ന തിരിച്ചറിവില്‍ ആ കള്ളന് "വിഡ്ഢി" എന്ന് മനസ്സില്‍ പേര് ചാര്‍ത്തി ...
ഓര്‍മ്മകളുടെ മുള്ള് കൊണ്ട് സജിയുടെ അച്ഛനെയും അമ്മയെയും വിഷമിപ്പികേണ്ട എന്നോര്‍ത്ത് പലപ്പോഴും വിളിച്ചിരുന്ന അവരെ ഞാന്‍ മനപ്പൂര്‍വ്വം വിളിക്കാണ്ടായി ...ഓര്‍ക്കുന്നു എന്നവരെ അറിയിക്കാണ്ടായി ...പിന്നീട് അവരെ ഞാന്‍ വിളിച്ചത് 2004 ലെ മെയ് മാസത്തില്‍ ആണ് ...എന്റെ വിവാഹത്തിന് ക്ഷണിക്കാന്‍ !അവരുടെ അനുഗ്രഹവും സന്തോഷവും എന്റെ കാതിലേക്ക് സ്വരങ്ങളായി ഉതിര്‍ക്കുമ്പോഴും ,അതിനിടയില്‍ അവരുടെ തീരാ നഷ്ട്ടത്തിന്റെ സ്വപ്നങ്ങളുടെ കണ്ണീര്തുള്ളികള് എന്റെ കണ്ണുകളിലേക്കും പകര്‍ന്നിരുന്നു ....
[തുടരും ]