വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Friday, January 22, 2010

ഒരു അറിയിപ്പ് ....

ചിരി വഞ്ചനയുടെ കഠാര,
കണ്ണുനീര്‍ വേദനയുടെ അട്ടഹാസം 
നാക്ക് സ്വയരക്ഷയുടെ ആയുധം;
ചിന്തകള്‍ പ്രതികാരത്തിന്റെ മുറവിളി;
സ്വപനം സമാധാനത്തിന്റെ ഉള്‍തുടിപ്പ്,
എന്നിരുന്നാലും എല്ലാം വ്യര്‍ത്ഥം,
നിരാകരിക്കപ്പെട്ടവര്‍ക്ക് 
നിരാലംബര്‍ തന്നെ   ശരണം, 
പരിത്യജിക്കപ്പെട്ടവര്‍ക്കെന്നും 
പരസഹായം വേണം .

Friday, January 15, 2010

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ അല്ല


   ബന്ധങ്ങള്‍ പലതരത്തില്‍.അവയ്ക്ക് എണ്ണമില്ല.എല്ലാം നൂലില്‍ കോര്‍ത്ത  മുത്തുകള്‍ക്കു സമാനമാണ്.അതറ്റുപോയാല്‍ വീണ്ടും ഒന്നാക്കുക വലിയ പ്രയാസമാണ്.മിക്ക ബന്ധങ്ങളും വേദന തരുന്നവയാണ്.വേദനകള്‍ മാത്രം ഓര്‍മകളായി മാറുന്നു.ഇന്ന് ലോകത്തില്‍നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഒന്നാണ് ബന്ധങ്ങളുടെ പവിത്രതയും,അടുപ്പവും.അര്‍ത്ഥവും.

  സുഹൃത്ത്  ബന്ധങ്ങളുടെ പവിത്രതയും,സഹോദരി സഹോദര ബന്ധത്തിന്റെ അടുപ്പവും,ഗുരുശിഷ്യ ബന്ധത്തിന്റെ  മൂല്യവും,മാതാപിതാക്കളുമായിട്ടുള്ള  സ്നേഹ ബന്ധവും,കാമുകീ കാമുകന്മാരുടെ നിലപാടും,അങ്ങിനെയുള്ള എല്ലാ ബന്ധങ്ങളുടെയും വില ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.ഇന്ന് ബന്ധങ്ങളില്‍ നിന്നു പോലും ലാഭം കൊയ്യുന്നവരാണ് നമുക്ക് ചുറ്റിനും.


  നമ്മള്‍  കാരണം എത്ര പേരുടെ ഹൃദയത്തില്‍ മുറിവേല്ക്കുന്നു എന്ന് പോലും നമ്മള്‍  ശ്രദ്ധിക്കാറില്ല.നമ്മുടെ  നോട്ടവും വാക്കുകളും മൌനവും എല്ലാം വേദനിപ്പിക്കുന്ന തരത്തിലാണ് .ബന്ധങ്ങള്‍ ഇത്രയധികം അധപതിക്കാന്‍ കാരണം ആരാണ് ???പഴയ മൂല്യങ്ങളും മറ്റും ദുശാട്യത്തോടെ മുറുകെ പിടിക്കുന്ന പഴയ തലമുറരോ അതോ അടിച്ചു പൊളിച്ചു നടക്കുന്ന പുത്തന്‍ തലമുറയോ ?ഈ രണ്ടു വിഭാഗവും അന്യോന്യം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.സത്യത്തില്‍ ഈ രണ്ടു തലമുറയും ഈ അവസ്ഥക്ക് കാരണക്കാരല്ലേ ? ?എന്നാല്‍    ഇവക്കിടയിലും ബലിമൃഗങ്ങള്‍ ഉണ്ട്.അവര്‍ സ്വന്തം നിലനില്‍പ്പ്‌ ഭയന്ന് ഇവരുടെ ആരുടെയെങ്കിലും  ഒരു ഭാഗത്തേക്ക് മാറി സഞ്ചരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് പലപ്പോഴും.അലാത്ത പക്ഷം അവര്‍ ഒറ്റപ്പെട്ടു  പോകുന്നു.അവര്‍ക്ക് സമൂഹത്തില്‍ നിലനില്‍ക്കുക എന്നത് അസാധ്യമായി വരുന്നു.


   ഇന്നുള്ളവരെല്ലാം അടിക്കടി മാറുന്ന സ്വഭാവക്കാരാണ്.ഓന്തിനെ പോലും വെല്ലുന്ന നിറമാറ്റം!ബന്ധങ്ങളില്‍ ഒന്നും തന്നെയില്ല എന്ന് വിശ്വസിക്കുന്നവരാണു ഇന്നത്തെ സമൂഹം. അതുകൊണ്ട് തന്നെ അഗാധവും,പവിത്രതയും,മൂല്യവും നിറഞ്ഞ ബന്ധങ്ങളെ കാണുമ്പോള്‍ അവ അംഗികരിക്കാന്‍ വിസ്സമതിക്കുന്നു എന്ന്  മാത്രമല്ല മറുപുറത്ത് കളിയാക്കുകയും ഇല്ലാത്തതു പറഞ്ഞും ഊതിയും പെരുപ്പിച്ചും ആ ബന്ധങ്ങളുടെ അടിവേരില്‍ കോടാലിവെക്കുന്നു.അതാണ്‌ ഇന്നത്തെ ഫേഷനും പ്രധാന  സമയം കൊല്ലിയും.


  നമ്മുടെ ഈ പോക്ക് -ബന്ധങ്ങളുടെ മൂല്യങ്ങളും,ആത്മാര്‍ഥതയും,പവിത്രതയും കയ്യൊഴിഞ്ഞു മുഖം മൂടി ധരിച്ച് ചിരിച്ചു കൊണ്ടുള്ള  ഈ പോക്ക് - ആശങ്കയാണ് എന്നില്‍ ഉളവാക്കുന്നത്.നമ്മള്‍ സഞ്ചരിക്കുന്ന ഈ വഴി നമ്മള്‍ തന്നെ സ്വയം മാറ്റിച്ചവിട്ടിയെ മതിയാകൂ.അല്ലെങ്കില്‍ ഭാവിയില്‍ അതിന്റെ ദൂഷ്യ ഫലം നമ്മള്‍ ഓരോരുത്തരും അനുഭവികേണ്ടാതായിട്ടുവരും.


  അതുകൊണ്ട് ബന്ധങ്ങളെ മുറുകെ പിടിക്കുക.തിരക്കുകള്‍ക്കിടയിലും അവയ്ക്ക് ഒരിത്തിരി സമയം നല്‍കുക.അവയ്ക്ക് വേണ്ട സ്ഥാനവും മാനവും വിലയും കല്‍പ്പിച്ചു നല്‍കുക.ഇന്ന് ഞാന്‍ നാളെ നീ എന്നല്ലേ പറയാറ്..ഇന്ന് നല്‍കിയാല്‍ നാളെ നിനക്ക് ഇരട്ടി കിട്ടും -അവഗണയായാലും അംഗികാരം ആയാലും!ബന്ധങ്ങള്‍- അവയില്‍ മാത്രമേ സത്യമൊള്ളൂ,ജീവനൊള്ളൂ,ആത്മാവൊള്ളൂ,ജീവിത താളം ഒള്ളൂ.നമ്മള്‍ ഈ ഭൂമുഖത്തു നിന്നും മണ്മറഞ്ഞു പോകുമ്പോള്‍ തന്നെയും ഈ ബന്ധങ്ങളുടെ ബലത്തില്‍ നമ്മള്‍ എന്നും ജീവിക്കും.അവരുടെ വാക്കുകളിലുടെയും പ്രാര്‍ത്ഥനയിലുടെയും,കണ്ണീരിലുടെയും നമ്മുക്ക് മറ്റൊരു രൂപത്തിലുള്ള അസ്ഥിത്വം ലഭിക്കും.പക്ഷെ ഒന്നു നമ്മള്‍ അതീവമായി  ശ്രദ്ധിക്കണം;ഓരോ ബന്ധങ്ങള്‍ക്കും അതിന്റെതായ സ്ഥാനവും പവിത്രതയും ,അര്‍ത്ഥവും ,ആഴവും ,അടിയൊഴുക്കും മൂല്യവും ഉണ്ട് .അവ അതിന്റെ പൂര്‍ണ്ണ രീതിയില്‍ നമ്മള്‍ക്ക് ജീവിതത്തില്‍ പുലര്‍ത്താന്‍ കഴിയണം.നല്ലതും സുദൃടവുമായ ബന്ധങ്ങളെ അറിയുമ്പോള്‍ ഉള്‍കൊള്ളാനും പ്രോത്സാഹിപ്പിക്കാനും  പഠിക്കണം .അവിടെയാണ് ഒരു വ്യക്തിയുടെ വ്യക്തിത്വവും ജീവിതവും വിജയിക്കുക.അല്ലാതെ സ്വരുക്കൂടുന്ന പണത്തിലോ കെട്ടുന്ന കൊട്ടാരത്തിലോ കുടിലിലോ മറ്റു സ്ഥാന മാനങ്ങളിലോ അല്ല.ഒരു നോട്ടം കൊണ്ടു ഒരു പുഞ്ചിരി കൊണ്ടു ഒരു വാക്ക് കൊണ്ടു വിണ്ടെടുക്കാവുന്നതേ ഒള്ളൂ അവ ...പക്ഷെ ആരും അതിനു സന്നധരാവുന്നില്ല.അതാണ്‌ സങ്കടകരം.സ്വന്തക്കാര്‍ പോലും ശത്രുക്കളായി മാറാന്‍ നിമിഷങ്ങള്‍ മാത്രം മതിയാകുന്ന ഈ കാലത്ത് സ്നേഹത്തോടെ പുഞ്ചിരിച്ചു നിങ്ങള്‍ ചേര്‍ന്നിരിക്കുക  .നിമിഷങ്ങള്‍ മണിക്കൂറും  മണിക്കൂറുകള്‍ കൊല്ലങ്ങലായും മാറുന്നത് നമ്മള്‍ ഇമാവെട്ടുന്ന നേരം കൊണ്ടാണ് .....


   അതുകൊണ്ട് പ്രിയ സുഹൃത്തുകളെ കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്ന് അറിയുന്ന നിങ്ങള്‍ ഒരിക്കലും ബന്ധങ്ങളെ ബന്ധനങ്ങളായി കാണാതിരിക്കുക.