വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Friday, October 22, 2010

ഒരു തണുത്ത രാത്രിയില്‍ ...

അനുഭവങ്ങള്‍ ചിലപ്പോള്‍ നിസാരമാകും .പക്ഷെ പലതും മനസ്സില്‍ അത്ര വലിയ കാരണങ്ങള്‍ ഇല്ലാതെ തന്നെ ഇടം പിടിക്കും .വിവരണങ്ങള്‍ക്കു അതീതമാകും ചിലപ്പോള്‍ ചില അനുഭവങ്ങള്‍ നല്‍കുന്ന ഇടകലര്‍ന്ന വികാരങ്ങള്‍ ...അങ്ങിനെ ഒരു ദിവസം ആയിരുന്നു ഇന്നലെ ....ഇന്നലെ നല്ല തണുപ്പായിരുന്നു...മൈനസ് രണ്ടുവരെ വന്നു...തണുത്തുറഞ്ഞു നില്‍ക്കുന്ന ബന്ധങ്ങളില്‍ നിന്നും ഉഷ്മളമായ ഒരു ബന്ധത്തെ കിട്ടുക ഒരിത്തിരി പ്രയാസം നിറഞ്ഞ കാര്യം തന്നെ ...ചില ബന്ധങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് മനസ്സില്‍ വേരോടും...ഒരു വാക്കോ ,പ്രവര്‍ത്തിയോ നോക്കോ മതിയാകും അവയ്ക്ക് തളിരിടാന്‍ ...

എന്നെ സ്വന്തം ചേച്ചിയെ പോലെ സ്നേഹിക്കുന്ന ഒരു കുട്ടുകാരി ...എപ്പോഴോ ഫോണിലുടെയുള്ള സംസാരത്തില്‍ അവള്‍ പറഞ്ഞു "എനിക്ക് നീ എന്റെ അക്കാ മാതിരി " ...തമിള്‍ ബ്രാഹ്മിണ്‍ കുട്ടിയായ സുഖിയുടെ വാക്കില്‍ ഒരിക്കലും എനിക്ക്  ഒരു മുഖസ്തുതി കാണാന്‍ കഴിയാറില്ല...സുഖിയുടെയും വെങ്കിയുടെയും ഒന്നാം  വിവാഹ വാര്‍ഷിക ദിനം ആയിരുന്നു ഇന്നലെ  ..കഴിഞ്ഞ ആഴ്ച അവരെ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തിന് വിളിച്ചപ്പോഴേ അവര്‍ പറഞ്ഞു വെച്ചു ആ ദിനത്തില്‍ തീര്‍ച്ചയായും അവരുടെ വീട്ടില്‍  വരണം എന്ന് ...അവരുടെ നിഷ്കളങ്കമായ ക്ഷണത്തിന് മുന്നില്‍ വരില്ല എന്ന് പറയാന്‍ കഴിയാതെ ഞങ്ങള്‍  കുഴങ്ങി...കാരണം ഡിന്നര്‍ പാര്‍ട്ടിയാണ്...പിറ്റേന്നു ഓഫീസും മറ്റും ഉണ്ട് താനും ...ശരി വേഗം പോയി തിരിച്ചു പോരാം എന്ന് തന്നെ കരുതി...അങ്ങിനെ ദിവസം വന്നെത്തിയപ്പോള്‍ അതിനോടൊപ്പം ഒരു പ്രശ്നവും വന്നെത്തി ...ഗൃഹാതരത്വം  തോന്നിപ്പിക്കുന്ന പൊടുന്നനെയുള്ള ബസ്‌ സമരം ...വലഞ്ഞില്ലേ ഞങ്ങള്‍ ...അതിലുപരി മുടിഞ്ഞ തണുപ്പും ..നടക്കാന്‍ ഞാന്‍ ആമയായത് കൊണ്ട് അര മണിക്കൂര്‍ എടുക്കേണ്ട ഇടത്ത്  ഒരു മണിക്കൂര്‍...എന്നെ അറിയാവുന്ന എന്റെ മുയല്‍ ചേട്ടന്‍ കണക്കു കൂട്ടി  സങ്കടപെട്ടു "ഹോ ഒരു മണിക്കുര്‍ നടക്കണം ഈ തണുപ്പത്ത് "   ...അവസാനം നടക്കാന്‍ തന്നെ തീരുമാനിച്ചു...പോകുന്നതിനു മുന്പായി എന്തോ, വാങ്ങി വെച്ച ഗിഫ്റിനു ഉപരി ഞാന്‍ തന്നെ എന്റെ കൈ  കൊണ്ട് എന്തെങ്കിലും അവര്‍ക്ക് ഉണ്ടാക്കി കൊടുക്കണം എന്ന് മനസ്സ് വലാതെ ശഠിച്ചു  .കാരണം അടുത്ത മാസാവസാനത്തോടെ അവര്‍ ഫ്രാന്‍സ്നോട് വിട പറയുകയാണ് ..വീണ്ടും ദൂരെക്ക് പറക്കുകയാണ് ...കാനഡ ...അവരിപ്പോള്‍ കാനേഡിയന്‍ കനവുകളില്‍  മുഴുകി  നാളുകള്‍ തള്ളിനീക്കുകയാണ്.

അങ്ങിനെ   ഞാന്‍ അവര്‍ക്കായി ഒരു കാര്‍ഡ്‌ ഉണ്ടാക്കി..അവരുടെ പടവും മറ്റും വെച്ച്  ...ഒപ്പം മറ്റു ഗിഫ്ടും കേക്കും കൊടുക്കാന്‍ ഒരു കവരും...സത്യത്തില്‍ അവര്‍ മറ്റു പൈസ കൊടുത്തു വാങ്ങിയ ഗിഫ്റ്റ്നേക്കാള്‍ ഒത്തിരി ഇഷ്ട്ടപെട്ടത്‌ ഞാന്‍ എന്റെ സമയം എടുത്തു ഉണ്ടാക്കിയ ആ കാര്‍ഡും കവറും   ആയിരുന്നു ...അവരുടെ പ്രശംസാ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഏതോ വലിയ കാര്‍ഡ്‌ കമ്പനിയുടെ ഉടമയാവും എന്നുവരെ തോന്നി ..പക്ഷെ നിലത്തു കാല് സിമന്റ്‌ ഇട്ടു ഉറപ്പിച്ചു നിര്‍ത്തിയത് കൊണ്ട് തന്നെ ആകാശത്തേക്ക് ഉയര്‍ത്തപെട്ടില...ആശ്വാസം...

അവരുടെ വിവാഹവാര്‍ഷികം സത്യത്തില്‍ ഞങ്ങള്‍ക്കാണ് ഒരു നല്ല ഓര്‍മ്മയായത്‌ ...കൊടും തണുപത്തു വിറച്ചു കൊണ്ടു പത്തരമണിക്ക് രാത്രിയുള്ള ആ നടത്തം ഒരു നടത്തം തന്നെയായിരുന്നു ...ഈ ആമയെകൊണ്ട് മുയല്‍ ചേട്ടന്‍ വലഞ്ഞു എന്ന് പറയുന്നതാണ് ഉചിതം  ...ഇഴഞ്ഞിഴഞ്ഞു ഇങ്ങു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ടാളും ഐസ് കട്ടയെപോലെ ഉറച്ചിരുന്നു ....ഇതിനെല്ലാം സാക്ഷിയായി ഞങ്ങളോടൊപ്പം നടക്കാന്‍ പൂര്‍ണ്ണ   വട്ടത്തിലുള്ള ഒരു  ഐസ് കട്ടയും ഉണ്ടായിരുന്നു ...നമ്മുടെ അമ്പിളി ചേട്ടന്‍ .

Friday, October 8, 2010

എന്റെ ആദ്യപ്രണയത്തിലെ അവള്‍

അവള്‍ എന്റെ പഴയ കുട്ടുകാരിയാണ്..നിഷ്കളങ്കമായി അവളെ സ്നേഹിച്ച നാളുകള്‍ ...ഒരു പക്ഷെ എനിക്കവളോട് ഒരു തരം അസൂയ നിറഞ്ഞ പ്രണയമായിരുന്നു എന്ന് പറയാം ...ആരെയും കൊതുപ്പിക്കുന്ന അവളുടെ തുവെള്ള നിറവും,ആരെയും വശീകരിക്കുന്ന കള്ള ചിരിയും,ഏതു നേരത്തും മനസ്സിന്റെ വൈകാരികതയെ മത്തു പിടിപ്പിക്കുന്ന പരിമളവും  പരത്തി നില്‍ക്കുന്ന അവളെ കടന്നു പോകുമ്പോള്‍...എന്റെ പ്രണയവല്ലരി മൊട്ടിടുടുകയും...ആ വാത്സല്യത്താല്‍   ഞാന്‍ പലപ്പഴും അവളെ  തലോടിയിട്ടുണ്ട് ...അതേറ്റവള്‍ സ്നേഹത്താല്‍ തലയാട്ടുകയും,കാറ്റിനോടൊപ്പം താളം കാട്ടി   കുണുങ്ങി കുണുങ്ങി ചിരിക്കുമ്പോള്‍ ഞാന്‍  വീണ്ടും തിരികെ  ഓടിച്ചെന്നു ആരും കാണാതെ അവളെ പുണര്‍ന്നു;  പ്രണയാര്‍ദ്രമായ  ഒരു ചുംബനം നല്‍കാറുണ്ടായിരുന്നു ...


എന്റെ മുല്ലയെ ...അതെ അവള്‍  മുല്ല ..എന്റെ കുട്ടികാലത്തെ ആദ്യ പ്രണയം...ജസ്മികുട്ട്യുടെ "മുറ്റത്ത്‌ ഞാനൊരു  മുല്ല നട്ടു" എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്നെ അവ കൂട്ടികൊണ്ടുപോയത് എന്റെ പഴമയിലെക്കാണ്...  മുല്ല എന്റെയും ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ട ഒരു കുട്ടുകാരിയാണ്  ..എല്ലാ പൂക്കള്‍ക്കും  എന്റെ മനസ്സില്‍ സ്ഥാനം ഉണ്ട് ..അതില്‍ എന്നും  ഒന്നാംസ്ഥാനരോഹിണി ഇവള്‍ തന്നെ ..മുല്ല  ..അവളോട്‌  ജസ്മി പറഞ്ഞപോലെ ആത്മാവിനെ അടുത്തറിയുന്ന ഒരു ബന്ധം തന്നെയാണ് ....വളരെ ചെറുപ്പത്തിലെ ഉള്ളു തൊട്ടറിഞ്ഞ ബന്ധം ... 

ഞാന്‍ ഏറെയും എന്റെ ഉമ്മയുടെ വീട്ടില്‍ ആണ് നിന്നിരുന്നതും പഠിച്ചിരുന്നതും ...ആ തറവാട് വീട്ടില്‍ കുളവും തൊടുവും പിന്നെ ഒത്തിരി മുല്ല ചെടികളും അങ്ങിനെ ഒരുപാട് സംഭവങ്ങള്‍  ഉണ്ട് ..ഒരുപാട് മുല്ലപ്പുക്കള്‍ തരുന്ന അവള്‍  ..പടര്‍ന്നു പന്തലിച്ചു ..ആദ്യം അതിന്റെ മൊട്ടിന്റെ എണ്ണം എടുക്കും..എന്നിട്ടേ മറ്റുള്ളവരുടെ അടുത്ത് പൊകൂ... പട്ടുപാവാടയും മുടിയില്‍ നിറയെ മുല്ലപൂവും അതാണ്‌ എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ഒരു  വേഷം ..കുട്ടികാലത്ത് പ്രകൃതിയിലെ ഇവരൊക്കെ തന്നെയാണ്  എന്റെ കൂട്ടുകാര്...അതിനു ശേഷം മാത്രമാണ്  മനുഷ്യരുടെ ഇടയിലെ മുല്ലകുട്ടികളും റോസാകുട്ടികളും മറ്റും ... 


സ്കൂള്‍ വിട്ടാല്‍ ഉടുപ്പൊക്കെ മാറി ചായ കുടിച്ചു ആരും കാണാതെ കുളത്തിന്റെ വക്കില്‍ പോയി അവിടുത്തെ കല്ലിനോടും മരങ്ങളോടും ഒക്കെ സ്കൂള്‍ വിശേഷം പറഞ്ഞിരിക്കും ..സന്ധ്യ ആയിട്ടും അകത്തേക്ക് കണ്ടില്ലെങ്കില്‍ മമ്മമ്മ [ഉമ്മയുടെ ഉമ്മ ] വന്നു നോക്കി "ഈ കുട്ടിക്ക് ഭ്രാന്ത " എന്നൊക്കെ പരിഭവം  പറഞ്ഞു കൈപിടിച്ച് അവിടുന്ന് എണീപിച്ചു കൊണ്ടുപോകും ...അവിടുന്ന് ഡിഗ്രി കഴിഞ്ഞു ഞാന്‍ എന്റെ സ്വന്തം വീട്ടിലോട്ടു സ്ഥിരമായി  പോകേണ്ടി വന്നപ്പോള്‍ ആരും അറിയാതെ ഈ കുളത്തിനോടും മുല്ലചെടിയോടും മരങ്ങളോടും കരഞ്ഞു യാത്ര പറഞ്ഞിട്ടുണ്ട് ..ആരും കാണാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടും ഉണ്ട് ..ഇല്ലെങ്കില്‍ മമ്മമ്മ ചെറുപ്പത്തില്‍ എന്നോട് തമാശയായി പറഞ്ഞത് വലുപ്പത്തില്‍ മറ്റുള്ളവര്‍ എന്റെ മേലില്‍ പച്ചകുത്തും "ഭ്രാന്തു "...ഒരിക്കല്‍ ഹോസ്റ്റലില്‍ നിന്ന് വന്നപ്പോള്‍ [എന്റെ ബി .എഡ് ടൈമില്‍ ]ഞാന്‍ കണ്ടത് പരിഷ്ക്കാരത്തിന്റെ പേര് പറഞ്ഞു; മുറ്റം സിമന്റു ഇടുക എന്ന് പറഞ്ഞു ആ പുന്തോട്ടവും മുല്ലചെടിയും മറ്റും അവിടുന്നിന്നും അപ്രത്യക്ഷമായതാണ് ...കാര്യം തിരക്കിയപ്പോള്‍ അറിഞ്ഞു ആ മുല്ല കാട് പിടിച്ചു കിടന്നു അതിനടയില്‍ നിന്ന് വല്ല പാമ്പോ ചെമ്പോ വീടിനുള്ളിലേക്ക് കേറി കൂടും .അതുകൊണ്ട് അതൊക്കെ അങ്ങട്ട് വെട്ടിമാറ്റി എന്ന് ."..അവളുടെ അവസാനയാത്രയില്‍ ഒന്ന് കാണാന്‍ പോലും കഴിയാതെ ...ആരോടെങ്കിലും എന്റെ സ്വകാര്യ ദുഖം പങ്കുവെക്കാന്‍ പറ്റുമോ ..പച്ചകുത്തലിന്റെ വേദന ഓര്‍ത്തപ്പോള്‍  ആരോടും ഒന്നും പറഞ്ഞില്ല ..പകരം എന്റെ സ്വകര്യ ദുഖങ്ങള്‍ പങ്കുവെക്കുന്ന എന്റെ ആകെയുള്ള വിശ്വസ്ത  കൂട്ടുകാരിയെ സമീപിച്ചു ..എന്റെ ഡയറി ...ആ മുല്ലയുടെയും മറ്റും  ശാപമാണോ എന്ന് തോന്നിപോകും ..അതിനു ശേഷം ചുട്ടു പഴുത്തല്ലാതെ  ആര്‍ക്കും പണ്ടത്തെപോലെ ആ തറവാടിന്റെ ഒരു കുളിര്‍മയില്‍ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല ..സിമന്റ്‌ ചുട്ടുപൊള്ളി അതിന്റെ ചുടു ആവി തറവാട്ടിനുള്ളില്‍ എന്നും നിലനിന്നിരുന്ന ആ കുളിര്‍മയെ  വന്നു വിഴുങ്ങി കൊണ്ടിരുന്നു അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ അവിടേക്ക് പിന്നെ ഏ സി ചേട്ടന്‍ വന്നു ..അങ്ങിനെ പലരും കടന്നു വന്നു ..എന്നാലും പ്രകൃതിയുടെ കുളിര്‍മ തനിമ ഒന്നും ഒന്നിനും പകരം വെക്കാന്‍ ആവില്ലല്ലോ ......മഴപെയ്യുമ്പോള്‍ ആ തറവാട്ടിലേക്ക്  മെല്ലെ ഇരച്ചു കേറി വരുന്ന , മണ്ണില്‍ നിന്നും സൃഷ്ട്ടിചെടുത്ത നമ്മളിലെ മണ്ണിന്റെ അംശങ്ങളെ തൊട്ടുണര്‍ത്തുന്ന ആ മണ്ണിന്റെ മണവും ഇന്ന് തറവാടിനു ഒരു പരുതി വരെ അന്യം തന്നെ ...


തിരക്കുകളുടെയും പഠനത്തിന്റെയും ഉച്ചകോടിയില്‍ നില്‍ക്കുമ്പോള്‍ വിവാഹത്തിന്റെ മണികള്‍ കിലുങ്ങാന്‍ തുടങ്ങിയനാളുകള്‍ ...ഞാന്‍ കയറിചെന്ന ആ വീടും ഞാന്‍ വളര്‍ന്നു വന്ന തറവാടിന്റെ പോലെ തന്നെ ..കുളവും തോടും തൊടുവും ...വീടിന്റെ പിന്നാമ്പുറത്തു താഴെ പടി എന്ന് വിളിക്കുന്ന കുറെ പടികള്‍ ..അത് ഇറങ്ങിയാല്‍ നേരെ പാടം ആയി ...വാഴയും കൌങ്ങും പനയും തെങ്ങും കുരുമുളകും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഒരു കുളിരേകുന്ന കാഴ്ചയുണ്ട് അവക്കൊപ്പം  ..അതിലുടെ ഒരു നീര്‍ ചോല..അതിനു ചെറിയ ചെറിയ ചാലിട്ടു കൊടുത്തിട്ടുണ്ട്‌ ,അവിടെയെല്ലാം നനവ്‌ നല്‍കാന്‍ വേണ്ടി ...ആ പടികള്‍ക്കു ഇരു വശത്തും എന്റെ ഫാദര്‍ ഇന്‍ ലോ നട്ട് നനക്കുന്ന  മുല്ലകള്‍...പലതരം മുല്ലകള്‍ ...അവിടുത്തെ വീടിന്റെ മുന്നിലും ഉണ്ട് നിര നിരയായി മറ്റു ചെടികള്‍ക്ക് ഇടയില്‍ അവളും...അങ്ങിനെ അനുരാഗത്തിന്റെ നാളുകളില്‍ അവയ്ക്ക് വശ്യത നല്‍കാന്‍ എന്റെ ഭര്‍തൃഗ്രഹത്തിലും എന്റെ കുട്ടുക്കാരി എനിക്കൊപ്പം സ്ഥാനം പിടിച്ചു ...വൈകുന്നേരങ്ങളില്‍ സലപിക്കാന്‍ ഇത്തിരി നേരം അവള്‍ക്കൊപ്പം ചെന്നിരിക്കും ..അവളും ഞങ്ങളും ഞങ്ങളുടെ കൊച്ചുവര്‍ത്തമാനങ്ങളും എല്ലാം ഇന്ന്  അവളുടെ സുഗന്ധത്താല്‍ ആലേഖനം ചെയ്യപ്പെട്ടവയാണ് ...എന്നും ആ ഓര്‍മ്മകള്‍ക്ക് അവളുടെ ആത്മാവിന്റെ സുഗന്ധം ഉണ്ടായിരിക്കും ...."ആതാമാവിന്‍ നഷ്ട്ട സുഗന്ധം" പോലെ ...എവിടുന്നോ വന്നു തഴുകുന്നു  ആ മുല്ലയുടെ പരിമളം, ഇതാ ഇപ്പഴും  ..ഓര്‍മ്മകളുടെ ചില്ലുപെടകത്തില്‍ നിന്നുമാകും .[ഇവിടെ ഞാന്‍ പല പുതിയ പൂക്കളെയും പരിചയപ്പെട്ടു ..പക്ഷെ ഒരിക്കലും അവളെ മാത്രം ഇവിടെയൊന്നും കണ്ടില്ല ...അവളുടെ ഓര്‍മ്മക്കായി ഞാന്‍ ജാസ്മിന്‍  സ്പ്രേകളും സോപ്പും മറ്റും വാങ്ങും ..എന്നാലും അവള്‍ക്കു പകരം ആവില്ലല്ലോ അവയൊന്നും .] 


കടപ്പാട് : 
ഈ പോസ്റ്റിനു നിമിത്തം ആയതു എന്റെ പ്രിയ കുട്ടുകാരി ജസ്മികുട്ടിയുടെ പോസ്ടായ  " മുറ്റത്ത് ഞാന്‍ ഒരു മുല്ല നട്ടു"  ആണ് .