വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Tuesday, May 18, 2010

ജീവനാടിയാം വേരുകള്‍ [ഒരു ഓര്‍മ്മ കുറിപ്പ് ]



ത് എന്‍റെ ഉമ്മുമ്മയും ഉപ്പുപ്പയും.പപ്പപ്പ എന്നും പപ്പമ്മ എന്നും ആണ് ഞാന്‍ എന്ന കടിഞ്ഞൂല്‍ പേരക്കുട്ടി അവരെ വിളിക്കുന്നത്‌.അതിനൊരു തക്കതായ കാരണവും ഉണ്ട്.പപ്പയുടെ പപ്പയും പപ്പയുടെ ഉമ്മയും ആണ് ഇവര്‍.ഇവര്‍ക്ക് പതിനൊന്നു മക്കള്‍.ഒരു പെണ്ണും പത്ത് ആണും.അങ്ങനെയെനിക്ക് ഒരു അമ്മായിയും ബാക്കിയെല്ലാം എളാപ്പമാരും ആണെന്ന് പറയാം.എന്‍റെ പപ്പയാണ്‌ ഏറ്റവും മൂത്തത് എന്ന് മനസ്സിലായിക്കാണുമല്ലോ..   
അങ്ങിനെ ഈ വലിയ കുടുംബത്തിലെ ഏറ്റവും മൂത്ത മകന്റെ മൂത്ത മകളായി, മൂത്ത പേരക്കുട്ടിയായി ഈ 'കുഞ്ഞിമോള്‍' [ഓമനപ്പേര്] ജനിച്ചു.എല്ലാവരുടെയും സ്നേഹവും പരിഗണനയും ഈ 'കാക്കക്കറുമ്പിക്ക്' കിട്ടിപ്പോന്നു.ഉമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.നിലം തൊടാതെയാണ് ഞാന്‍ വളര്‍ന്നതെന്ന്.കാക്കക്കറുമ്പിയാണെങ്കിലും എനിക്ക് വന്‍ 'ഡിമാന്‍റ്' ആയിരുന്നു പോലും.ഇളയച്ചന്മാരുടെ കയ്യില്‍ നിന്നും ഇറങ്ങി താഴെ നില്‍ക്കാന്‍ എനിക്ക് സമയം ഇല്ലായിരുന്നു.ഈയുള്ളവളെ ഓമനിക്കാന്‍ അവര്‍ ക്യൂവായിരുന്നു പോലും.ആ കുടുംബത്തില്‍ ഇന്ന് എളാപ്പമാര്‍  തന്നെ പറയുന്ന തമാശ കേള്‍ക്കണേ."ഇന്ന് കുട്ടികളെ കാലില്‍ തട്ടി തടഞ്ഞിട്ടു നടക്കാന്‍ വയ്യാന്ന്".

അത്രയ്ക്ക് പടര്‍ന്നു പന്തലിച്ചു ഇന്നാ വന്‍ മരം.അങ്ങിനെയും ഒരു കാലം.എന്‍റെ പപ്പപ്പയാണ് ആ പ്രദേശത്തെ ഒരു UP സ്കൂളിന്റെ ഫൌണ്ടര്‍.അദ്ധേഹത്തിന്‍റെ ഓര്‍മക്കെന്നോണം പപ്പപ്പയുടെ പേര് തന്നെ സ്ക്കൂളിനു നല്‍കി ആദരിച്ചു.ഒരു മെമ്മോറിയല്‍.അതില്‍ ഇന്ന് പ്രധാനാദ്ധ്യാപികയായി എന്‍റെ പ്രിയപ്പെട്ട ഉമ്മ തന്നെ.മിക്ക എളാപ്പമാരും ഇളയമ്മമാരും പിന്നെ ഈ ഞാനും അതില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ചിലര്‍ ഇപ്പോഴും അതില്‍ തുടരുന്നു.ആ സ്ക്കൂള്‍ ആണ് എന്നെയും ഈ പവിത്രമായ അദ്ധ്യാപന ജോലി പിന്തുടരാന്‍  പ്രേരിപ്പിച്ചത്.ഉമ്മയുടെ സാരിത്തുമ്പും പിടിച്ചു എത്രയോ ചെറുപ്പത്തില്‍ ആ സ്കൂളിലെ സ്റ്റാഫ്‌ റൂമിലും പിന്നെ ഉമ്മ പഠിപ്പിക്കുന്ന ക്ലാസ് റൂമിലെ കുട്ടികളോടൊപ്പവും പല  ദിവസം ഒരു കുട്ടി ടീച്ചര്‍ ആയി  ഞാന്‍ ചിലവഴിച്ചിട്ടുണ്ട്.ഇന്നും ഓര്‍ക്കുന്നു അവയെല്ലാം.

പപ്പപ്പാക്ക് പേരക്കുട്ടികളില്‍ എന്നെ മാത്രമേ കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടായൊള്ളൂ.പേരക്കുട്ടികളില്‍ എനിക്ക് മാത്രമേ ആ കൈകളില്‍ കിടക്കാനും കളിക്കാനും ഭാഗ്യം ഉണ്ടായൊള്ളൂ എന്ന് പറയുന്നതാകും ഉചിതം.പപ്പ പറയാറുണ്ട്.ഞാന്‍ പിറന്ന ഉടനെ ഗള്‍ഫില്‍ ആയിരുന്ന പപ്പാക്ക് പപ്പപ്പ എഴുതിയ കത്തിലെ  വരികള്‍."നല്ല കുട്ടി ,ഭാഗ്യം ഉള്ള കുട്ട്യാ" എന്നൊക്കെ.അവരുടെ വാക്കുകള്‍ക്ക് ഇന്നും അനുഗ്രഹത്തിന്റെ വെളിച്ചം ഉണ്ട്.ആ വെളിച്ചം എന്‍റെ ജീവിതത്തില്‍ ഉടനീളം പ്രതിഫലിക്കുന്നു.ഇന്നും...

ഇനി എന്‍റെ പപ്പമ്മയെ കുറിച്ച് രണ്ടു വാക്ക്.അവരും സാധാരണ ഒരു മുത്തശ്ശിയെ പോലല്ല.ഏറ്റവും തിരക്കുള്ള ഒരു മുത്തശ്ശി.ഒരു വര്‍ക്കിംഗ്‌ വുമന്‍.മലപ്പുറം ജില്ലയിലെ ആദ്യത്തെ മുസ്ലിം വനിതാ ജില്ലാ റെജിസ്ട്രാര്‍.ഉമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് പപ്പമ്മയുടെ തിരക്കുള്ള ജീവിത രീതികള്‍.അവര്‍ എന്നും വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിപ്പോന്നിരുന്നു.വളരെ ചെറുപ്പത്തില്‍ തന്നെ മരുമകളായി ആ കുടുംബത്തില്‍ കേറി വന്ന ആദ്യത്തെ മരുമകളെ, ജോലിയൊന്നും ഒരിക്കലും ഒരു വെറും സ്വപ്നമായി പോലും കാണാത്ത എന്‍റെ ഉമ്മയെ ഒരു കുട്ടിയുടെ അമ്മയായിട്ടും അതൊന്നും ഒരു തടസ്സം ആവരുതെന്ന് പറഞ്ഞ് അവിടെ അടുക്കളയില്‍ തളച്ചിടുന്നതിനു പകരം പഠിക്കാനും പിന്നീടു ടീച്ചര്‍ ആവാനും നിര്‍ബന്ധിച്ച എന്‍റെ പപ്പമ്മ[ജീവിതസാഹചര്യങ്ങളും,ചുറ്റുപാടുകളും  അതിനു പ്രേരിപ്പിച്ചു എന്നും പറയണമല്ലോ ]

തിരക്കുള്ള ഓഫീസിലും എന്നെ പലപ്പോഴായി കൊണ്ടു പോയിരുന്നു അവര്‍.തിരക്കുകള്‍ക്കിടയിലും ഒരു പേരക്കുട്ടിക്ക് നല്‍കേണ്ട വാത്സല്യവും പ്രോത്സാഹനവും സമ്മാനവും പോക്കറ്റ്‌ മണിയും നല്‍കുമായിരുന്നു.അതില്‍ ഞാന്‍ ഏറ്റവും വിലമതിച്ചിരുന്നത് എനിക്ക് കൊണ്ടു വന്നു തന്നിരുന്ന നസറുദ്ധീന്‍ ഫലിതങ്ങളും ഒത്തിരി ഒത്തിരി  കഥാ പുസ്തകങ്ങളും പ്രാവചക ചരിത്ര കഥകളും ആയിരുന്നു.ആ പുസ്തകങ്ങളിലൂടെ ഞാന്‍ കഥകളെ, സാഹിത്യത്തെ സ്നേഹിച്ചു തുടങ്ങി.മതത്തെ പഠിച്ചു തുടങ്ങി.സര്‍വോപരിയായി ദൈവത്തെ അറിഞ്ഞു തുടങ്ങി.

അങ്ങനെ ആരും അറിയാതെ ഞാന്‍ ഒരു കൊച്ചു പുസ്തകത്തില്‍ ചെറുതായി കുത്തിക്കുറിക്കാനും ആരംഭിച്ചു.കാലക്രമേണ അതെല്ലാം എവിടെയോ എനിക്ക് നഷ്ട്ടപ്പെട്ടുപോയി.എന്‍റെ നിഷ്കളങ്കമായ ആ കഥകള്‍ എന്തിനെയെല്ലാം കുറിച്ചായിരുന്നു എന്ന് അറിയാന്‍ എനിക്ക് തന്നെ ആഗ്രഹം ഉണ്ടിന്ന്.ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.അങ്ങിനെ അങ്ങിനെ ആ  കുഞ്ഞിമോള്‍ ഇന്നത്തെ വലിയമോള്‍ ആയി.എന്നാല്‍ അവരുടെയെല്ലാം  സ്നേഹത്തിന് മുന്നില്‍ ഞാന്‍ ഇന്നും കുഞ്ഞിമോള്‍ തന്നെ.അവര്‍ക്ക് മുന്നില്‍ ഞാന്‍ എന്‍റെ ഈ ഓര്‍മ്മ കുറിപ്പ് സമര്‍പ്പിക്കുന്നു... 

പ്രത്യേകിച്ച്,  മണ്മറഞ്ഞു പോയെങ്കിലും എന്‍റെ മനസ്സില്‍ എന്നും ജീവിക്കുന്ന എന്‍റെ സ്വന്തം പപ്പപ്പാക്കും പപ്പമ്മാക്കും മുന്നില്‍.അവരാണ് ഇന്ന് പടര്‍ന്നു പന്തലിച്ചു വാനോളം ഉയര്‍ന്നു നില്‍ക്കുന്ന ഈ കുടുംബത്തിന്റെ ജീവനാടിയാം വേരുകള്‍.സര്‍വശക്തന്‍ അവര്‍ക്ക് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ.അവര്‍ കൊളുത്തി വച്ച അറിവിന്റെ വെളിച്ചം പരത്തുന്ന ആ വിദ്യാലയം എന്നും നന്മയുടെ പ്രതീകം ആവട്ടെ.പിന്നെ ഇവരില്‍ നിന്നെല്ലാം ഞാന്‍ പഠിച്ച ആ വലിയ ഗുണപാഠമായ 'UNITY IN DIVERSITY' ബന്ധങ്ങളില്‍ , എന്ന വലിയ തത്വത്തെയും ഇവിടെ ഒരു സമ്പത്ത് എന്നപോലെ ഓര്‍ത്തുകൊണ്ട്‌ നിര്‍ത്തട്ടെ.