വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Tuesday, May 18, 2010

മുത്തശ്ശിക്കാര്യം


അവള്‍ ഇന്നും ഓര്‍ക്കുന്നു ആ "മുത്തശ്ശിക്കാര്യം"  ...അവളുടെ കല്യാണത്തിന്റെ തലേന്നാള്‍   മുത്തശ്ശി അവളെ അരികിലേക്ക് വിളിച്ചതും , ദാമ്പത്യ ജീവിതം സമാധാനം നിറഞ്ഞതാകാന്‍  ഒരു പിടി നുറുങ്ങുകള്‍ രഹസ്യമായി പറഞ്ഞതും ...

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു ...എന്നാലും ആ നുറുങ്ങുകള്‍ പാലിക്കുക വഴി ഇന്നും ജീവിതത്തില്‍  സമാധാനം എന്തെന്ന് അവള്‍ അറിയുന്നു ...


കൊലുസിന്റെ "ച്ചില്‍ ച്ചില്‍"  താളത്തിന്റെ അകമ്പടിയോടെ,അവള്‍ മുത്തശ്ശിയുടെ അരികില്‍ തെല്ല് നാണത്തോടെ ചെന്നിരിന്നു.   

അപ്പോള്‍ മുത്തശ്ശി അവളോട്‌   പറഞ്ഞു "മോളെ എന്‍റെ ജീവിതത്തില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു അറിവ്  പറയട്ടെ നിന്നോട് ?"...വിടര്‍ന്ന കണ്ണുകളില്‍ വിവാഹ ജീവിതം തത്തികളിക്കുമ്പോഴും, എന്നും മുത്തശ്ശിയുടെ   വാക്കുകള്‍ക്ക്  ചെവി കൊടുത്തിരുന്ന അവള്‍ പറഞ്ഞു ,"പറയു മുത്തശ്ശി.  "

 "മോളെ ഒരു മനുഷ്യന്റെ  നാവാണ് അവരുടെ  ജീവിതം മിക്കപ്പോഴും നരകവും സ്വര്‍ഗ്ഗവും ആക്കി തീര്‍ക്കുന്നത്  ...പലപ്പോഴും ....അവരുടെ  നാവിന്റെ  മൂര്‍ച്ച ചിരവയുടെ നാവിന്റെ മൂര്ച്ചയെക്കാള്‍ ശക്തി കൂടും ..അതുകൊണ്ട് ജീവിതത്തില്‍  വാക്ക് തര്‍ക്കങ്ങള്‍ പരസ്പരം വരുമ്പോള്‍ നിന്‍റെ നാക്ക് ചിരവയാകാതിരിക്കാന്‍ കഴിവിന്റെ യത്ര ശ്രമിക്കുക ...എത്ര പ്രകൊപിപ്പിച്ചാലും  ശരി ...നാവിനെ ശ്രദ്ധിക്കുക ...അത് നല്ല കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞതല്ല മോളെ ..."

അതെ, അവളുടെ മനസ്സ് മന്ത്രിച്ചു, സ്നേഹത്തിന് മാത്രമേ   സ്നേഹരാഹിത്യത്തെ നികത്താന്‍  കഴിയൂ......എന്നെക്കാള്‍ എത്ര ഓണം അധികം മുത്തശ്ശി   ഉണ്ട് കാണും ..എത്ര ജീവിതങ്ങള്‍ മുത്തശ്ശി   കണ്ട് കാണും ......

എന്നും അവള്‍ അനുസരണയോടെ മാത്രമേ  മുത്തശ്ശിയുടെ   വാക്കുകള്‍ സ്വീകരിക്കാറൊള്ളൂ ....

അവളുടെ കൈകള്‍ എടുത്തു സ്വന്തം മടിയില്‍ വച്ച് അതില്‍ തലോടി കൊണ്ടു മുത്തശ്ശി വീണ്ടും  പറഞ്ഞു "ഈ കൈകള്‍ക്കും ഉണ്ട് വലിയ പങ്ക് ...ഒരു പെണ്കുട്ട്യുടെ ജീവിതത്തില്‍ ..."..അത് പറഞ്ഞു മുത്തശി അവളെ ഒന്ന് നോക്കി ചിരിച്ചു ..കാര്യം പിടിക്കിട്ടാതെ  അവള്‍ അത്ഭുതത്തോടെ മുത്തശ്ശിയെ നോക്കി നെറ്റിയൊന്ന് ചുളിച്ച്,ഇമയാട്ടി കൊണ്ടിരുന്നു  ...

കാര്യം പിടികിട്ട്യ മുത്തശ്ശി  പറഞ്ഞു "ഞാന്‍ പറഞ്ഞു തരാം മോളെ ..അടുക്കളയെ കുറിച്ചാണ് മുത്തശ്ശി പറഞ്ഞ് വരുന്നേ ...അടുക്കള ചെറുതോ വലുതോ ആയികൊള്ളട്ടെ ...നിനക്ക് എത്ര നല്ല പാചക കുറിപ്പറിഞ്ഞാലും  സാരല്യ കുട്ട്യേ ...അവിടെ കേറി,അതുണ്ടാക്കാന്‍ ഉള്ള ഒരു നല്ല മനസ്സും വേണം ..പിന്നെ  അതില്‍ എല്ലാം ചേര്‍ക്കേണ്ടേ ഒരു സാധനം ഉണ്ട്  ..അതാണ് അതിന്റെ രുചി കൂട്ടുകയും ...അത് വിളംബുബോള്‍ നിനക്ക് സന്തോഷം തരുകയും ...അത് കഴിക്കുമ്പോള്‍ നിന്‍റെ കുടുംബത്ത് ഉള്ലോരുടെ ആരോഗ്യത്തെ പുഷ്ട്ടിപെടുത്തുകയും ചെയ്യുകയൊള്ളൂ.."..

"മുത്തശ്ശി   എന്താണ് ആ സാധനം ?" തെല്ല്  ആകാംഷയോടെ അവള്‍ ചോദിച്ചു ...

"മോളെ അതാണ് സ്നേഹം ....സ്നേഹത്തോടെ ഭക്ഷണം ഉണ്ടാക്കുക ...അതെ സ്നേഹത്തോടെ അത് ഊട്ടുകയും ചെയ്യുക ...മുത്തശ്ശി പറയാറില്ലേ ...ഭര്‍ത്താവിന്റെ ഹൃദയത്തിലോട്ടുള്ള എളുപ്പ വഴി  അവരുടെ വയറു വഴിയാ......ഈ രണ്ടു കാര്യം മോള് ശ്രദ്ധിച്ചാല്‍ ജീവിതത്തില്‍ ഒരു പരിധി വരെ സമാധാനം ഉണ്ടാക്കിയെടുക്കാനും അനുഭവിക്കാനും കഴിയും.."

മനസ്സിലായി എന്നര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി ."ന്‍റെ  കുട്ട്യേ  .ദൈവം അനുഗ്രഹിക്കട്ടെ ...സര്‍വ്വ ഐശ്വര്യവും മുത്തശ്ശിയുടെ  കുട്ടിക്ക് ഉണ്ടാവട്ടെ  ."..ഇത്രയും പറഞ്ഞ് അവളുടെ തലയില്‍ കൈവച്ച്‌  സന്തോഷാശ്രുക്കള്‍ കൊണ്ടു അനുഗ്രഹിച്ച് മുത്തശ്ശി ഉറങ്ങാന്‍ കിടന്നു ...ഇനി ഒരിക്കലും ഉണരാന്‍ കൂട്ടാക്കാത്ത    ഒരു ഉറക്കം അതിവിദൂരമല്ല എന്ന അറിവോടെ ...

കല്യാണ പിറ്റേന്ന് മുത്തശ്ശിയുടെ മരണ വാര്‍ത്ത കേട്ടാണ് അവള്‍ ഉണര്‍ന്നത് എന്നത് ഇന്നും ഒരു ഞെട്ടലോടെ അവള്‍ ഓര്‍ക്കുന്നു ...

മുത്തശ്ശിയുടെ ആ വാക്കുകള്‍ അന്ന്  അവള്‍ കോറിയിട്ടത്‌ അവളുടെ ഹൃദയത്തില്‍ ആയിരുന്നു ....അതിന്നും അത് പോലെ തന്നെ വായിച്ചെടുക്കാന്‍ അവള്‍ക്കു കഴിയുന്നു...കാലം കഴിയുമ്പോഴും അതിന്റെ അര്‍ത്ഥവ്യാപ്തി  അവള്‍ക്ക്‌ മുന്നില്‍ കൂടുതല്‍ കൂടുതല്‍  തെളിഞ്ഞു വരുന്നു ...

കാലത്തിനു പോലും മങ്ങല്‍ ഏല്‍പ്പിക്കാന്‍ കഴിയാത്ത സത്യം നിറഞ്ഞ പാഠങ്ങള്‍ .....

ചിത്രം :-കടപ്പാട് ഗൂഗിള്‍ .