വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Friday, October 22, 2010

ഒരു തണുത്ത രാത്രിയില്‍ ...

അനുഭവങ്ങള്‍ ചിലപ്പോള്‍ നിസാരമാകും .പക്ഷെ പലതും മനസ്സില്‍ അത്ര വലിയ കാരണങ്ങള്‍ ഇല്ലാതെ തന്നെ ഇടം പിടിക്കും .വിവരണങ്ങള്‍ക്കു അതീതമാകും ചിലപ്പോള്‍ ചില അനുഭവങ്ങള്‍ നല്‍കുന്ന ഇടകലര്‍ന്ന വികാരങ്ങള്‍ ...അങ്ങിനെ ഒരു ദിവസം ആയിരുന്നു ഇന്നലെ ....ഇന്നലെ നല്ല തണുപ്പായിരുന്നു...മൈനസ് രണ്ടുവരെ വന്നു...തണുത്തുറഞ്ഞു നില്‍ക്കുന്ന ബന്ധങ്ങളില്‍ നിന്നും ഉഷ്മളമായ ഒരു ബന്ധത്തെ കിട്ടുക ഒരിത്തിരി പ്രയാസം നിറഞ്ഞ കാര്യം തന്നെ ...ചില ബന്ധങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് മനസ്സില്‍ വേരോടും...ഒരു വാക്കോ ,പ്രവര്‍ത്തിയോ നോക്കോ മതിയാകും അവയ്ക്ക് തളിരിടാന്‍ ...

എന്നെ സ്വന്തം ചേച്ചിയെ പോലെ സ്നേഹിക്കുന്ന ഒരു കുട്ടുകാരി ...എപ്പോഴോ ഫോണിലുടെയുള്ള സംസാരത്തില്‍ അവള്‍ പറഞ്ഞു "എനിക്ക് നീ എന്റെ അക്കാ മാതിരി " ...തമിള്‍ ബ്രാഹ്മിണ്‍ കുട്ടിയായ സുഖിയുടെ വാക്കില്‍ ഒരിക്കലും എനിക്ക്  ഒരു മുഖസ്തുതി കാണാന്‍ കഴിയാറില്ല...സുഖിയുടെയും വെങ്കിയുടെയും ഒന്നാം  വിവാഹ വാര്‍ഷിക ദിനം ആയിരുന്നു ഇന്നലെ  ..കഴിഞ്ഞ ആഴ്ച അവരെ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തിന് വിളിച്ചപ്പോഴേ അവര്‍ പറഞ്ഞു വെച്ചു ആ ദിനത്തില്‍ തീര്‍ച്ചയായും അവരുടെ വീട്ടില്‍  വരണം എന്ന് ...അവരുടെ നിഷ്കളങ്കമായ ക്ഷണത്തിന് മുന്നില്‍ വരില്ല എന്ന് പറയാന്‍ കഴിയാതെ ഞങ്ങള്‍  കുഴങ്ങി...കാരണം ഡിന്നര്‍ പാര്‍ട്ടിയാണ്...പിറ്റേന്നു ഓഫീസും മറ്റും ഉണ്ട് താനും ...ശരി വേഗം പോയി തിരിച്ചു പോരാം എന്ന് തന്നെ കരുതി...അങ്ങിനെ ദിവസം വന്നെത്തിയപ്പോള്‍ അതിനോടൊപ്പം ഒരു പ്രശ്നവും വന്നെത്തി ...ഗൃഹാതരത്വം  തോന്നിപ്പിക്കുന്ന പൊടുന്നനെയുള്ള ബസ്‌ സമരം ...വലഞ്ഞില്ലേ ഞങ്ങള്‍ ...അതിലുപരി മുടിഞ്ഞ തണുപ്പും ..നടക്കാന്‍ ഞാന്‍ ആമയായത് കൊണ്ട് അര മണിക്കൂര്‍ എടുക്കേണ്ട ഇടത്ത്  ഒരു മണിക്കൂര്‍...എന്നെ അറിയാവുന്ന എന്റെ മുയല്‍ ചേട്ടന്‍ കണക്കു കൂട്ടി  സങ്കടപെട്ടു "ഹോ ഒരു മണിക്കുര്‍ നടക്കണം ഈ തണുപ്പത്ത് "   ...അവസാനം നടക്കാന്‍ തന്നെ തീരുമാനിച്ചു...പോകുന്നതിനു മുന്പായി എന്തോ, വാങ്ങി വെച്ച ഗിഫ്റിനു ഉപരി ഞാന്‍ തന്നെ എന്റെ കൈ  കൊണ്ട് എന്തെങ്കിലും അവര്‍ക്ക് ഉണ്ടാക്കി കൊടുക്കണം എന്ന് മനസ്സ് വലാതെ ശഠിച്ചു  .കാരണം അടുത്ത മാസാവസാനത്തോടെ അവര്‍ ഫ്രാന്‍സ്നോട് വിട പറയുകയാണ് ..വീണ്ടും ദൂരെക്ക് പറക്കുകയാണ് ...കാനഡ ...അവരിപ്പോള്‍ കാനേഡിയന്‍ കനവുകളില്‍  മുഴുകി  നാളുകള്‍ തള്ളിനീക്കുകയാണ്.

അങ്ങിനെ   ഞാന്‍ അവര്‍ക്കായി ഒരു കാര്‍ഡ്‌ ഉണ്ടാക്കി..അവരുടെ പടവും മറ്റും വെച്ച്  ...ഒപ്പം മറ്റു ഗിഫ്ടും കേക്കും കൊടുക്കാന്‍ ഒരു കവരും...സത്യത്തില്‍ അവര്‍ മറ്റു പൈസ കൊടുത്തു വാങ്ങിയ ഗിഫ്റ്റ്നേക്കാള്‍ ഒത്തിരി ഇഷ്ട്ടപെട്ടത്‌ ഞാന്‍ എന്റെ സമയം എടുത്തു ഉണ്ടാക്കിയ ആ കാര്‍ഡും കവറും   ആയിരുന്നു ...അവരുടെ പ്രശംസാ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഏതോ വലിയ കാര്‍ഡ്‌ കമ്പനിയുടെ ഉടമയാവും എന്നുവരെ തോന്നി ..പക്ഷെ നിലത്തു കാല് സിമന്റ്‌ ഇട്ടു ഉറപ്പിച്ചു നിര്‍ത്തിയത് കൊണ്ട് തന്നെ ആകാശത്തേക്ക് ഉയര്‍ത്തപെട്ടില...ആശ്വാസം...

അവരുടെ വിവാഹവാര്‍ഷികം സത്യത്തില്‍ ഞങ്ങള്‍ക്കാണ് ഒരു നല്ല ഓര്‍മ്മയായത്‌ ...കൊടും തണുപത്തു വിറച്ചു കൊണ്ടു പത്തരമണിക്ക് രാത്രിയുള്ള ആ നടത്തം ഒരു നടത്തം തന്നെയായിരുന്നു ...ഈ ആമയെകൊണ്ട് മുയല്‍ ചേട്ടന്‍ വലഞ്ഞു എന്ന് പറയുന്നതാണ് ഉചിതം  ...ഇഴഞ്ഞിഴഞ്ഞു ഇങ്ങു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ടാളും ഐസ് കട്ടയെപോലെ ഉറച്ചിരുന്നു ....ഇതിനെല്ലാം സാക്ഷിയായി ഞങ്ങളോടൊപ്പം നടക്കാന്‍ പൂര്‍ണ്ണ   വട്ടത്തിലുള്ള ഒരു  ഐസ് കട്ടയും ഉണ്ടായിരുന്നു ...നമ്മുടെ അമ്പിളി ചേട്ടന്‍ .