വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Tuesday, September 21, 2010

കണക്കുപുസ്തകം

അവള്‍ക്ക്‌ ഒത്തിരി പറയാന്‍ ഉണ്ട് .അവള്‍ അമ്മയാണ്, മകളാണ്,  ഭാര്യയാണ്  അങ്ങിനെ അങ്ങിനെ ഒരു പിടി  ജീവിത റോളുകള്‍ പലരുടെയും ജീവിതത്തില്‍ എന്ന പോലെ അവള്‍ക്കും ഉണ്ട് .മനസ്സിനിണങ്ങിയ ഒരു ഭര്‍ത്താവിനെ അവള്‍ തന്നെ സ്വയം തേടിപ്പിടിച്ചു.വീട്ടുകാരുടെ എതിര്‍പ്പ് മാനിക്കാതെ അവള്‍ അവനായി വാശി പിടിച്ചു.അവളുടെ വാശിക്ക് മുന്നില്‍ പാവം അച്ഛനും അമ്മയും കീഴടങ്ങി.

"മോളെ ഈ വാശി നിന്‍റെ നാശത്തില്‍ കലാശിക്കാതിരിക്കാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കാം" എന്നൊരു സ്നേഹ പരിഭവ താക്കീത് നല്‍കാന്‍ അച്ഛന്‍ മറന്നില്ല .
"ഇല്ല അച്ഛാ .രമേഷിനെ എനിക്കറിയാം .അവന്‍ നല്ലവനാ .എന്നെ ഒത്തിരി സ്നേഹിക്കുന്നു .അച്ഛന്‍ എന്നെ ശപിക്കാതിരുന്നാല്‍ മതി ".
"അച്ഛന്‍ കുട്ട്യേ ശപിക്കെ .ഇത്രയും മുതിര്‍ന്നിട്ടും   മോള്‍ക്ക്‌ അച്ഛനെ മനസ്സില്കാന്‍ കഴിഞ്ഞില്ലാന്നോ? "
"അമ്മാ,അങ്ങിനെയല്ല ...നിങ്ങളുടെ മനസ്സ് ഒന്ന് നൊന്താല്‍ അത് മതീലെ ഈ മോളുടെ ജീവിതം വെണ്ണീര്‍ ആവാന്‍ .ഇതിപ്പോ അറിഞ്ഞുകൊണ്ട് ഞാന്‍ വേദനിപ്പിക്കുകയല്ലേ ?ഞാന്‍ എന്ത് ചെയ്യും അമ്മാ ?രമേഷിനെ ഞാന്‍ അത്ര കണ്ടു സ്നേഹിക്കുന്നു .വേണ്ട വേണ്ടാന്ന് ഒത്തിരി മനസ്സിനോട് ശടിച്ചതാണ് ഞാന്‍ ..പക്ഷെ മനസ്സ് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല  .അവന്‍റെ സ്നേഹം എന്നെ കീഴ്പ്പെടുത്തി എന്‍റെ മനസ്സിനെ .എന്നോട് ക്ഷമിക്കണം "...
"അപ്പോള്‍ ഞങ്ങളുടെ സ്നേഹം വാത്സല്യം നിന്നെ ഒരിക്കലും കീഴ്പ്പെടുതിയില്ലാ എന്നോ ?" അച്ഛന്‍ പെട്ടന്ന്‌ കണക്കു കൂട്ടി ചോദിച്ചു ...
ഉത്തരം  കണ്ണിരായി കവിളുകളിലുടെ ചാലിറ്റൊഴുകുന്നത് കണ്ടപ്പോള്‍ അമ്മയുടെ മാതൃവാത്സല്യം അവളുടെ രക്ഷക്കെത്തി...  
"മോളെ നിന്‍റെ ഈ പ്രായം കഴിഞ്ഞാണ് ഞങ്ങളും വന്നത് ..അറിയാം നിന്‍റെ മനസ്സിന്റെ ഓരോ  കോണും ...സാരല്യ ..എല്ലാം അറിയുന്നോന്‍ ഈശ്വരന്..അവിടേക്ക് എല്ലാം സമര്‍പ്പികുക "..
അമ്മയെ കെട്ടിപിടിച്ചു സുമ കരഞ്ഞു ..സന്തോഷം കൊണ്ടോ കുറ്റബോധം കൊണ്ടോ ഒന്നും ആ നിമിഷം അവള്‍ക്ക്‌ നിശ്ചയം ഇല്ല്യാര്‍ന്നു ..അമ്മയെ പുണര്‍ന്നു കണ്ണീര്‍വാര്‍ക്കുന്ന അവളെ തലോടികൊണ്ട് അച്ഛന്‍ ആരും കാണാതെ കണ്ണുകള്‍ തുടച്ചു ...

കല്യാണം കെങ്കേമമായി തന്നെ നടന്നു .സര്‍വാഭരണ ഭൂഷിതയായവള്‍ തിളങ്ങുമ്പോഴും അച്ഛനും  അമ്മയും  മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക്  മുന്നില്‍ ഉത്തരം കിട്ടാതെ വീര്‍പ്പുമുട്ടുന്നത്‌ അവള്‍ കണ്ടു .

"അല്ല മാഷെ ,എന്തെ ഇപ്പൊ ഇത്ര ജടുപിടീന്നു ഒരു കല്യാണം .അതും ഇത്ര ദുരെക്ക് " .
"ഒക്കെ ദൈവഹിതം.അത്രേ ഇപ്പൊ പറയണൊള്ളൂ"..
"ന്നാലും അന്ന് ആ വാസുവേട്ടന്‍ കൊണ്ടുവന്ന ആലോചന എത്ര നന്നായിര്‍ന്നു? ചെക്കന്‍ പൈലറ്റ്‌ .നല്ല കുടുംബോം .അടുത്തു തന്നെ വീടും മറ്റും .ഇത് പ്പോ ചെക്കന് പറയത്തക്ക പണീം ഇല്ല്യാന്നു മാത്രമല്ല ഒരേ പ്രായോം ...?"
 ഉത്തരം പറയാന്‍ വയ്യാതെ തോളില്‍ കിടക്കുന്ന മുണ്ട് മറു തോളിലേക്ക് ഒന്ന് സ്ഥാനം മാറ്റി  മെല്ലെ  മാഷ്‌ നടന്നു നീങ്ങി  .

ചോദ്യോത്തരങ്ങള്‍ക്ക് വിരാമം കുറിച്ച് സുമ താന്‍ നെയിത് കൂട്ടിയ സ്വപന്ലോകത്തെക്ക്  മെല്ലെ കടന്നു ചെന്ന് ..പുതുമോടിയുടെ ദിവസങ്ങള്‍ കഴിയും മുന്പേ അവള്‍ അറിഞ്ഞു താന്‍ പ്രണയിച്ച താന്‍ സ്നേഹിച്ച  രമേഷ് അല്ല തനിക്കു മുന്നില്‍ ഇന്നുള്ളത് ...പ്രാരബ്ധങ്ങള്‍ നിരത്തിവച്ചപ്പോള്‍ അതിനടിയില്‍ എവിടെയോ പെട്ട്  അവളുടെ പ്രണയം ശ്വാസം മുട്ടി നിറം മങ്ങി നീലിച്ചു നില്‍ക്കുന്നതായി  അവള്‍ കണ്ടു ...കൂനിന്‍ മേല്‍ക്കുരു എന്ന പോലെ അവര്‍ക്കിടയില്‍ പ്രണയകാലത്ത് നോട്ട് പുസ്തകത്തില്‍ വരച്ചിട്ട പൊന്നോമന പെട്ടന്ന് യാഥാര്‍ത്യമായി പിറവി എടുത്തപ്പോള്‍ ഉള്ളുകൊണ്ട് രമേശ്‌ വീണ്ടും അവളില്‍ നിന്നു അകന്നു . 

"നിന്നെ കെട്ടിയ അന്ന് മുതല്‍ തുടങ്ങിയതാ ഈ ഗതികിട്ടാത്ത ജീവിതവും കുറെ പ്രാരബ്ധവും "... എപ്പോഴോ മനസ്സിന്റെ നിഗുഡത പുറം തള്ളപ്പെട്ടപ്പോള്‍   അവന്‍ പറഞ്ഞ ആ വാക്കുകളിലു‌ടെ അവള്‍ അറിഞ്ഞു അവന്‍റെ  പ്രണയം മണ്മറഞ്ഞു പോയിരിക്കുന്നു എന്ന് .ഒരിക്കലും രമേശിനോട് പരാതികള്‍ പറയാത്ത അവള്‍ക്ക്‌ വിഷമങ്ങള്‍ ആരോടും പങ്കുവെക്കുവാന്‍ ഇല്ലാതായി .നാട്ടില്‍ നിന്നും അച്ഛനും അമ്മയും വിളിക്കുമ്പോഴും സങ്കടം നിമിത്തം ശബ്ദം ഇടറാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു ..സ്വയംവരം നടത്തിയ താന്‍ ആരോട് പറയും സ്വന്തം നേര്‍പകുതിയുടെ ഈ നിറം മാറ്റം ...അങ്ങിനെ ജീവിതം തള്ളിനീകുമ്പോള്‍ ഒരിക്കല്‍ രമേശ്‌ അവളുടെ അടുത്തു വന്നു പറഞ്ഞു 

"സുമ ഞാന്‍ ഒരുപ്പാട്‌ ആലോചിച്ചു..." 
"എന്ത് ?" 
"നമ്മള്‍ക്ക് പിരിയാം " 
അവന്‍റെ ഈ വാക്കുകള്‍ അവള്‍ പ്രതീക്ഷിചിരുക്കുകയായിരുന്നു എന്ന് തോന്നുമാറു അവള്‍  പുച്ച്ചഭാവേന ഒന്ന് ചിരിച്ചു ..
"എന്താ നീ ചിരിച്ചു തള്ളിയത് ?ഞാന്‍ സീരിയസ് ആണ് " 
"ഞാനും " 
"നീ കൊതിച്ച ജീവിതം എനിക്ക് നല്‍കാന്‍ സാധിച്ചില്ല സുമ ?നമ്മളുടെ കണക്കു കൂട്ടല് എവിടെ തെറ്റി ?" 
"അതിനു ഞാന്‍ ഒരിക്കലും ഒന്നും കണക്കു കൂട്ടിയില്ലായിര്‍ന്നു .പണ്ടേ കണക്കിന് ഈ കണക്കു മാഷിന്റെ മോള്‍ എന്നും പുറകോട്ടാ ...കണക്കു കൂട്ടി നോക്കി ഞാന്‍ പോലും അറിയാതെ എന്റെ  അച്ഛന്‍... എന്‍റെ ഉത്തരം കണ്ടപ്പോള്‍ പറഞ്ഞാര്‍ന്നു,  ഞാന്‍ കണ്ടെത്തിയ  ഉത്തരം തെറ്റാണ് എന്ന് .പക്ഷെ അന്ന് ഞാന്‍ കാഴ്ച്ചയില്ലത്തവള്‍ ആയിരുന്നു ..നിങ്ങള്‍ നല്‍കിയ സ്നേഹം എന്‍റെ കണ്ണുകളെ മൂടി കളഞ്ഞിരുന്നു..."

 അവളുടെ ജലാര്ധമായ കണ്ണുകളെ അവന്‍ കണ്ടില്ലാന്നു നടിച്ചു  ...
"പഴയത് പറഞ്ഞിട്ട് എന്ത് കാര്യം .എനിക്ക് ഈ ഭാരം ചുമന്നുള്ള യാത്ര വയ്യ ..എനിക്ക്  നന്നായി ജീവിക്കണം ..അതിനു ഞാന്‍ പ്രരാബ്ധത്തില്‍ നിന്നും രക്ഷ നേടണം.." 
"ആവാം  ..ഞാനോ എന്‍റെ മോളോ കാരണം രമേശ്‌ ഒരിക്കലും കഷ്ട്ടപെടരുത് .ജീവിതം നമ്മള്‍ കാണുന്ന സ്വപ്നം അല്ലല്ലോ ..ജീവിതം എന്ന പാഠം പഠിപ്പിച്ചു തന്ന രമേശിനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും.സ്നേഹം പിടിച്ചു വാങ്ങാവുന്ന ഒന്നല്ലല്ലോ ...മടുത്തു തുടങ്ങിയാല്‍ പിന്നെ നിര്‍ത്തി പിരിയാം ..പക്ഷെ എനിക്ക്   എന്‍റെ മരണം വരെ രമേഷിനെ  മടുക്കില്ല,അത് എന്റെ സത്യം  ..."
മുഖം കൈകള്‍കൊണ്ട് പൊത്തി അവള്‍ കളിപ്പാട്ടം  നഷ്ട്ടപെട്ട പിഞ്ചു കുഞ്ഞിനെ പോല്‍ ഏങ്ങികരഞ്ഞു ...

"സുമാ നിനക്ക് എന്നെ ശരിക്കും മനസ്സിലാക്കാന്‍ കഴിയും ...അതുകൊണ്ടാകണം എത്ര അവഗണിച്ചിട്ടും നീ ഒരു പരാതികളും പറയാതെ നിന്‍റെ ഭാഗം നന്നായി ചെയിതു പോന്നന്ന്തു ...പക്ഷെ എനിക്ക് അറിയുന്നില്ല ...എനിക്ക് എന്ത് പറ്റി എന്ന് ..."
 "രമേശ്‌ ഒരു കാര്യം ചോദിക്കട്ടെ ?"
 "ഉം ചൊദിക്കൂ ?"
 " രമേഷിന് ഭക്ഷണം പാകം ചെയ്യാനും മറ്റുമായി മാത്രം ഒരു വീട്ടുവേലക്കാരിയായി മാത്രം ഞാനും മോളും ഇവ്ടെതന്നെ ഒരു മൂലയില്‍ ജീവികട്ടെ ..എനിക്ക് രമേഷിനെ കണ്ടു ജീവിച്ചു മരിക്കാലോ ? രമേഷിനെ കാണാതിരുന്നാല്‍ എനിക്ക് ജീവിക്കാന്‍ കഴിയില്ല .കടലില്‍നിന്നും പിടിച്ചിട്ട മത്സ്യത്തെ പോലെ ഞാന്‍ പിടഞ്ഞു പിടഞ്ഞു മരിക്കും "...
അവളുടെ ആത്മാര്‍ഥമായ സ്നേഹത്തിനു മുന്നില്‍ ,അവളോട്‌ തിരികെ ഒന്നും പറയാന്‍ ആവാതെ അവന്‍ അവിടുന്ന്  നിന്നും എണീറ്റ്‌ പോയി ...അവന്‍റെ മൌനം അവളെ വല്ലാതെ തളര്‍ത്തി .
"രമേഷിന് ഭാരം ആവരുത് ഞാന്‍" -അവള്‍ തീരുംമാനിച്ചു...അവള്‍ മോളുടെയും അവളുടെയും ഡ്രെസ്സുകള്‍ ഒരു പെട്ടിയിലേക്ക് നിറക്കാന്‍ വേണ്ടി കട്ടിലിനടിയിലെ പൊടി പിടിച്ച ഒരു പെട്ടി നീക്കി എടുത്തു ..അതിനു ഉള്ളില്‍  അധികം പൊടി പിടിക്കാതെ കിടന്നിരുന്ന ഒരു നീല ഫയല്‍ അവളുടെ കണ്ണില്‍ പെട്ടു ... അത് തുറന്നു നോക്കിയപ്പോള്‍ അവള്‍ അതില്‍ ഒരു ഒറ്റ താക്കോല്‍  കാണുകയുണ്ടായി...

"ഇത് തന്റെ ജീവിതത്തിന്റെ താക്കോല്‍ ആകുമോ ?" എന്ന് ചിന്തിച്ചു കൊണ്ട്  അവള്‍ ആ താക്കോല്‍ തിരിച്ചും മറിച്ചും നോക്കി .അതുപയോഗിച്ചു തുറക്കാന്‍ പറ്റുന്ന ഷെല്‍ഫ് അവള്‍ കണ്ടെത്തി ...അതില്‍  പച്ച നിറമുള്ള മറ്റൊരു ഫയല്‍ കണ്ടു ...ആകാംക്ഷയോടെ അത് കൈയിലെടുത്തു  തുറന്നു നോക്കിയപ്പോള്‍ അവള്‍ കണ്ട ആ മെഡിക്കല്‍ റിപ്പോര്‍ട്ട്സ്  അവളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു ...തന്‍റെ രമേശ്‌ ഒരു അനു നിമിഷം മരിച്ചു  കൊണ്ടിരിക്കുന്ന രോഗിയാണെന്ന് അവള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ...അര്‍ബുദം അവനെ മുക്കാല്‍ ഭാഗവും കീഴ്പ്പെടുത്തിയിരിക്കുന്നു.

"ഈശ്വരാ,നീ നിന്റെ കണക്കു പുസ്തകത്തില്‍ എനിക്കായി കുട്ടി കുറച്ചു വച്ച സത്യം ഇതായിരുന്നോ ..." അപ്പോഴേക്കും അവളെ ഉണര്‍ത്തിക്കൊണ്ട്  ഫോണ്‍ അടിച്ചു..
"അമ്മയും അച്ഛനും,വയസായ അവരോടു ഞാന്‍ എങ്ങിനെ ഈ സത്യം പറയും ?" പക്ഷെ മറുപുറത്ത് നിന്ന് വന്ന ശബ്ദം ഒട്ടും പരിചയം ഇല്ലാത്തതായിരുന്നു ..
"സുമതി യാണോ ?"
 "അതെ .ആരാ മനസ്സിലായില്ലല്ലോ ?"
 " എന്നെ അറിയില്ല എനിക്കും നിങ്ങളെ അറിയില്ല... ഞാന്‍ വിളിച്ചത് ..."
 "ആരാ നിങ്ങള്‍ ?എന്താ പറഞ്ഞു വരുന്നത് ?"
 "രമേഷിന് ചെറിയ ഒരു അക്സിടെന്റ്റ് ..."

പിന്നീടു എങ്ങിനെയോ ഹോസ്പിടലിന്റെ പേര് ചോദിച്ചു അറിഞ്ഞു അവള്‍ അവിടെ എത്തിയപ്പോഴേക്കും ചോദ്യോത്തരങ്ങള്‍ക്കോ  പരിഭവങ്ങള്‍ക്കോ കാത്തുനില്‍ക്കാതെ രമേശ്‌ സ്വയം മരണത്തിനു കീഴടങ്ങുകയായിരുന്നു ....പ്രണയത്തിന്റെ നിഷ്കളങ്കമായ ഭാരത്താല്‍ ....ജീവിക്കാന്‍ കൊതിയുണ്ടായിട്ടും തന്റെ പ്രണയത്തിനു വേണ്ടി സ്വയം രക്തസാക്ഷിയായി ....കാലന്റെ കാലൊച്ച തന്റെ പിറകില്‍ ഉണ്ട് എന്നറിഞ്ഞിട്ടും ചീറി പാഞ്ഞു വന്നിരുന്ന വാഹനങ്ങളെ നോക്കി ആ തിരക്ക് പിടിച്ച റോഡിലെ ഓരം ചേര്‍ന്ന്  ഒരു ഭ്രാന്തനെ പോലെ തല താഴ്ത്തി നടന്നു നീങ്ങിയിരുന്ന രമേശ്‌ പെട്ടന്ന്‌ തന്നെ , തന്നെ  ആ വാഹനത്തിനു മുന്നിലേക്ക്‌ സ്വയം വലിച്ചെറിഞ്ഞു ചിന്നിച്ചിതറാന്‍ ശ്രമിച്ചത്‌ എന്തിനാകണം ???

സുമംഗലിയായി നിറകണ്ണുകളോടെ സന്തോഷത്തിന്റെ വാതിലുകള്‍ തേടി പോയ സ്വന്തം മോള്‍ ഇന്ന് സിന്ധുരം മാഞ്ഞു വിധവയായി നിറകണ്ണുകളോടെ  ഇറങ്ങിയ പടികള്‍ തിരികെ കയറുമ്പോള്‍ ആ പാവം അച്ഛന്റെ മനസ്സ് മന്ത്രിച്ചത്  ആരും കേട്ടില്ല ... 

"ദൈവമേ നിന്റെ കണക്കു പുസ്തകത്തില്‍ എന്റെ മോളുടെ കണക്കിനുത്തരം ഇനി എന്താകും ???"

ആലോചനയില്‍ ആണ്ടു ആ അച്ഛന്‍ ഉമ്മറത്തെ ചാര് കസേരയിലേക്ക് ചാരിയിരുന്നു..മോളെ കൂട്ടി  അമ്മ ആ പഴയ നാല്കെട്ടു   വീട്ടിലെ ഉള്ളിലെ ഏതോ ഇരുട്ടറയിലേക്ക്  മറഞ്ഞു ....
--------------------------------------------------------------------------

[സ്വയം ഭാരം എന്ന് തോന്നുക ... താന്‍ മറ്റുള്ളവര്‍ക്കും വെറും ഭാരമാണ് എന്ന് കരുതുന്നതു  മനസ്സിന്റെ വികൃതി മാത്രമാണ്..ആ മനസ്സിന് തോന്നുന്ന ത്യാഗം ശരിക്കും അവരെ സ്നേഹിക്കുന്ന മനസ്സുകളെ മുറിപ്പെടുത്തല്‍ മാത്രമാണ്  എന്ന് രമേശുമാര്‍ എന്ന് തിരിച്ചറിയും ]