ഇന്ന് എന്‍റെ ദിനം..[July 2nd] പിറന്നാള്‍ ദിനം ...ഒരു പാട് പേരുടെ സ്വപ്നങ്ങളുമായി; കുടുംബത്തിലെ ആദ്യത്തെ സന്തതിയായി ,ആദ്യ പേരകുട്ടിയായി ഞാന്‍ പിറന്നു വീണു ..കുഞ്ഞിമോള്‍ എന്ന ഇന്നത്തെ വലിയ മോള്‍.സ്വപ്നങ്ങള്‍കൊപ്പം വളര്‍ന്നോ എന്നറിയില്ല.പക്ഷെ ഒന്നറിയാം എന്നോടൊപ്പം എന്‍റെ സ്വപ്നങ്ങളും, അവരുടെ തോഴരായി എന്‍റെ ഓര്‍മകളും വളര്‍ന്നിരുന്നു ... ഒരു മൂളിപാട്ടോടെ "ഓര്‍മ്മകള്‍ക്കെന്തു സുഗന്തം... ആത്മ്മാവിന്‍ നഷ്ട സുഗന്തം ".... ജൂലൈ രണ്ട്...ഇന്ന് ഞാന്‍ അനുഭവിക്കുന്നത് മനസിന്‍റെ ഉള്ളറകളില്‍ എവിടെയോ ഓര്‍മ്മകള്‍ തിരയിളക്കങ്ങളായി നടത്തുന്ന വേലിയേറ്റമാണ്ണ്‍.ആ പഴയ നിഷ്കളങ്കമായ കുട്ടിക്കാലം; സ്കൂള്‍ ജീവിതം, എല്ലാം മിന്നി മറയുകയാണ് കണ്മുന്നില്‍ ...ഭാവിയെ കുറിച്ച് ഏറെ കാര്യമായി ചിന്തിക്കാനില്ലാത്ത ആ കാലത്ത്- ജൂണ്‍ ആരംഭത്തോടെതന്നെ തന്നെ ജൂലൈ മാസത്തിന്‍റെ പിറവിയും കാത്തിരിക്കും ഞാന്‍.സ്കൂള്‍ ടീച്ചര്‍ ആയിരുന്ന ഉമ്മ ,സ്കൂള്‍ വിട്ടു വരുമ്പോള്‍ കൊണ്ടുവരുന്ന പുത്തന്‍ ഉടുപ്പും ,ഗള്‍ഫില്‍ നിന്നും പോസ്റ്റ് മാന്‍ വഴി വരുന്ന പപ്പയുടേയും മറ്റു ഇള്ലാപ്പമാരുടെയും, കൂട്ടുകാരുടെയും വര്‍ണ്ണാഭമായ ഗ്രീടിങ്ങ്സും, സമപ്രായകാരായ കസിന്‍സ്‌ന്‍റ്റെ കൊച്ചു കൊച്ചു സമ്മാനങ്ങളും സ്വപ്നം കണ്ടു ദിനങ്ങള്‍ തള്ളി നീക്കും.ഉറക്കം പോലും വളരെ വൈകിയെ എന്നെ താരാട്ട് പാടി ഉറക്കാന്‍ വരൂ.ഉമ്മ തറവാട്ടിലെ ആരെയെങ്കില്ലും വിട്ടു, സ്കൂളിലേക്ക് കൊണ്ടുപോകാന്‍ വാങ്ങിപ്പികുന്ന മിഠായി പാക്കുകളും എന്‍റെ സ്വപ്ങ്ങളെ കുളിരണിയിപ്പിക്കാറുണ്ട് .പട്ടാള ചിട്ടയിലുള ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്കൂളില്‍ ബര്‍ത്ത് ഡേ എന്ന വെര്‍ത്ത് [worth day]ഡേക്ക് മാത്രേ ആ കഴുത്തിന് കുത്തിപിടികുന്ന ടൈയും, കാലു പുഴുങ്ങുന്ന ഷൂസും, സോക്ക്സും, പിന്നെ യൂനിഫോര്‍മും ഇടാതെ കളര്‍ ഉടുപ്പ് ധരിച്ചു പോകാനാവു.അന്നേ ദിവസം പഠിക്കാന്‍ അത്രമിടുക്കിയല്ലാത്ത; പിന്‍ ബെഞ്ചില്‍ ഒതുങ്ങി ക്കൂടാന്‍ ആഗ്രഹിക്കുന്ന ഞാനാണ് "താരം" .കാരണം പിറന്നാള്‍ ദിനത്തില്‍ പുത്തനുടുപ്പും മിഠായിയുമായി ക്ലാസ്സിനു മുന്നില്‍ ടീച്ചര്‍ന്റ്റെയും സഹപാഠികളുടെയും പിറന്നാള്‍ ഗാനവും കയ്യടിയും ഏറ്റുവാങ്ങി ഒരു ചമ്മല്‍ കലര്‍ന്ന ചെറു പുഞ്ചിരിയോടെ രണ്ടു മിഠായി വീതം ഓരോ കൂട്ടുകാര്‍ക്കും നല്‍കി; എന്തോ അവാര്‍ഡ് കിട്ടിയ കനത്തോടെ വീണ്ടും ആ പിന്‍ ബെഞ്ചില്‍ പോയിരിക്കും....അടുത്ത പിരിയെടിലെ ടീച്ചര്‍നെയും കാത്ത്...മുന്നില്‍ പോയി മിഠായി കൊടുക്കാന്‍. അന്നേ ദിവസം എവിടുന്നോ ഒരു ധൈര്യ പായസം കഴിക്കാന്‍ കിട്ടും, ഇങ്ങനെ താരമായി നില്ക്കാന്‍.അന്ന് ക്ലാസ്സില്‍ വരുന്ന ഓരോ ടീച്ചര്‍ക്കും കൊടുക്കണം മിഠായി.അതൊരു നെഞ്ചിടിപ്പായിരുന്നു ... ആ നിഷ്കളങ്കമായ ആശംസകളെല്ലാം ഏറ്റു വാങ്ങി വര്‍ഷങ്ങള്‍ നീങ്ങി.... ഇന്നെത്തിയപ്പോള്‍ ബര്‍ത്ത് ഡേ പോലും വെറുത്ത ഡേ ആയി മാറുന്നു.ആര്‍ക്കാനും വേണ്ടി ഒക്കാനിക്കുന്ന പോലുള്ള മീനിംഗ് ലെസ്സ് ആശംസകള്‍ വന്നു നിറയുമ്പോള്‍ ജനിച്ചത് പോലും അപരാതമായി പൊയ്യോ എന്നൊരു തോന്നല്‍.മനസിലില്ലാത്ത സ്നേഹം കാര്‍ഡുകള്‍ ആയും ഇത്തിരിപ്പോന്ന മുറിയന്‍ അക്ഷരവും ആയി കണ്ണിനു മുന്നില്‍ കളിയാക്കി ചിരിക്കുമ്പോള്‍ മനസ്സില്‍ എവിടെയോ ചോര പൊടിയുന്ന പോലെ ഒരു നീറ്റല്‍. ചിലര്‍ അവരുടെ ഈഗോ ആശംസകള്‍ പറയാതെ പറഞ്ഞു...മൌനത്തിലൂടെ അവര്‍ അത് എന്നെ അറിയിച്ചു എന്നിരുന്നാല്ലും ഈ അര്‍ത്ഥശൂന്യമായ വാക്കുകള്‍ക്കിടയിലും ചിലവരുടെയെങ്കിലും ആശംസകള്‍ക്ക് ആ പഴയ സ്നേഹത്തിന്‍റെ പാല്‍മണമുണ്ട്..കൊതിപ്പിക്കുന്ന മണം...ഈ ഓര്‍മ്മകളെ പടിയടച്ചാല്‍ ഇന്നെന്‍റെ ലോകത്ത് -ഞാനും എന്‍റെ സ്നേഹത്തിന്‍റെയും സ്വര്‍ഗത്തില്‍- അര്‍ത്ഥ പൂര്‍ണമായ ഒരു പാട് നിറങ്ങളുണ്ട്,പരസ്പര ബഹുമാനത്തിന്‍റെ മിഠായികളുണ്ട് ,വിശ്വാസത്തിന്‍റെ കേക്കും അതിന്മേല്‍ കൊച്ചു കൊച്ചു സൗന്ദര്യ പിണക്കത്തിന്‍റെ അലങ്കാരങ്ങളുമുണ്ട് .നിഷ്കളങ്കത ഊതി നിറച്ച അതി മനോഹരമായ ബലൂണുകളും ഉണ്ട്.അവയെല്ലാം ആണ് ഇന്നെന്‍റെ ജീവ ശ്വാസം...എന്‍റെ ആത്മാവിന്‍റെ താളവും ലയവും.[7/2/09]
Wednesday, June 30, 2010
Tuesday, June 29, 2010
നിങ്ങള്‍ ബുദ്ധിമാനോ അതോ ധൈര്യവാനോ ?
ധൈര്യം ഉള്ളവര്‍ മാത്രം ഈ പണിക്കു നിന്നാല്‍ മതി കേട്ടോ ..ഇതൊരു രസം മാത്രം ...എന്നെ പോലെ യുള്ള പേടി തൊണ്ടന്‍ മാരും തൊണ്ടികളും ദയവായി വേഗം സ്ഥലം കാലിയാക്കുക ....പേടിയില്ല ...ബുദ്ധിയുണ്ട് ..പിന്നെ എന്നെ കുറ്റപ്പെടുത്തിയെക്കരുത് ... എങ്കില്‍ ആയിക്കോട്ടെ ...ഒരു ശ്രമം നടത്തു ...അല്ല പിന്നെ !!!
താഴെയുള്ള ലിങ്കിന് മുകളില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ തുറക്കുന്ന പേജില്‍ കാണുന്ന രണ്ട് ചിത്രങ്ങളിലെ മൂന്ന് വ്യത്യാസങ്ങളാണ് നിങ്ങള്‍ കണ്ടു പിടിക്കേണ്ടത്. 800 ആളുകളില്‍ നിന്ന് വെറും 19 പേര്‍ക്ക് മാത്രമാണ് വ്യത്യാസം കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. ഇരുപതാമത്തെ ആളാകാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?കണ്ടു പിടിക്കാന്‍ ധൈര്യം ഉള്ളവര്‍ മാത്രം ക്ലിക്ക് ചെയിതാല്‍ മതി കേട്ടോ !!!
ഒരു രഹസ്യം
(ഇതിലെ വ്യത്യാസം കണ്ടു പിടിക്കാന്‍ ഒരു സൂത്രമുണ്ട്.ഈ പേജ് തുറന്നാല്‍ ഇതോടൊപ്പം കേള്‍ക്കുന്ന നേര്‍ത്ത ശബ്ദങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.അത് കൊണ്ട് സ്പീക്കര്‍ ഓണാക്കുകയോ അല്ലെങ്കില്‍ ഇയര്‍ ഫോണ്‍ വെക്കുകയോ ചെയ്തു ശ്രദ്ധിച്ച് കേള്‍ക്കുക.സൂചനകള്‍ നല്‍കുന്ന ശബ്ദം വളരെ നേര്‍ത്തതാണ്.)
Saturday, June 19, 2010
Monday, June 14, 2010
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ അല്ല
ബന്ധങ്ങള്‍ പലതരത്തില്‍.അവയ്ക്ക് എണ്ണമില്ല.എല്ലാം നൂലില്‍ കോര്‍ത്ത മുത്തുകള്‍ സമാനമാണ് .അതറ്റുപോയാല്‍ വീണ്ടും ഒന്നാക്കുക വലിയ പ്രയാസം ആണ് .മിക്ക ബന്ധങ്ങളും വേദന തരുന്നവയാണ്.വേദനകള്‍ മാത്രം ഓര്‍മകളായി മാറുന്നു .ഇന്ന് ലോകത്തില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഒന്നാണ് ബന്ധങ്ങളുടെ പവിത്രതയും അടുപ്പവും അര്‍ത്ഥവും .
സുഹൃത്ത് ബന്ധങ്ങളുടെ പവിത്രതയും,സഹോദരി സഹോദര ബന്ധത്തിന്റെ അടുപ്പവും,ഗുരുശിഷ്യ ബന്ധത്തിന്റെ മൂല്യവും,മാതാപിതാക്കളുമായിട്ടുള്ള സ്നേഹ ബന്ധവും,കാമുകീ കാമുകന്മാരുടെ നിലപാടും,അങ്ങിനെയുള്ള എല്ലാ ബന്ധങ്ങളുടെയും വില ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.ഇന്ന് ബന്ധങ്ങളില്‍ നിന്നു പോലും ലാഭം കൊയ്യുന്നവരാണ് നമുക്ക് ചുറ്റിനും.
നമ്മള്‍ കാരണം എത്ര പേരുടെ ഹൃദയത്തില്‍ മുറിവേല്ക്കുന്നു എന്ന് പോലും നമ്മള്‍ ശ്രദ്ധിക്കാറില്ല.നമ്മുടെ നോട്ടവും വാക്കുകളും മൌനവും എല്ലാം വേദനിപ്പിക്കുന്ന തരത്തിലാണ് .ബന്ധങ്ങള്‍ ഇത്രയധികം അധപതിക്കാന്‍ കാരണം ആരാണ് ???പഴയ മൂല്യങ്ങളും മറ്റും ദുശാട്യത്തോടെ മുറുകെ പിടിക്കുന്ന പഴയ തലമുറയോ അതോ അടിച്ചു പൊളിച്ചു നടക്കുന്ന പുത്തന്‍ തലമുറയോ ?ഈ രണ്ടു വിഭാഗവും അന്യോന്യം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.സത്യത്തില്‍ ഈ രണ്ടു തലമുറയും ഈ അവസ്ഥക്ക് കാരണക്കാരല്ലേ ? ?എന്നാല്‍ ഇവക്കിടയിലും ബലിമൃഗങ്ങള്‍ ഉണ്ട്.അവര്‍ സ്വന്തം നിലനില്‍പ്പ് ഭയന്ന് ഇവരുടെ ആരുടെയെങ്കിലും ഒരു ഭാഗത്തേക്ക് മാറി സഞ്ചരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് പലപ്പോഴും.അലാത്ത പക്ഷം അവര്‍ ഒറ്റപ്പെട്ടു പോകുന്നു.അവര്‍ക്ക് സമൂഹത്തില്‍ നിലനില്‍ക്കുക എന്നത് അസാധ്യമായി വരുന്നു.
ഇന്നുള്ളവരെല്ലാം അടിക്കടി മാറുന്ന സ്വഭാവക്കാരാണ്.ഓന്തിനെ പോലും വെല്ലുന്ന നിറമാറ്റം!ബന്ധങ്ങളില്‍ ഒന്നും തന്നെയില്ല എന്ന് വിശ്വസിക്കുന്നവരാണു ഇന്നത്തെ സമൂഹം. അതുകൊണ്ട് തന്നെ അഗാധവും,പവിത്രതയും,മൂല്യവും നിറഞ്ഞ ബന്ധങ്ങളെ കാണുമ്പോള്‍ അവ അംഗികരിക്കാന്‍ വിസ്സമതിക്കുന്നു എന്ന് മാത്രമല്ല മറുപുറത്ത് കളിയാക്കുകയും ഇല്ലാത്തതു പറഞ്ഞും ഊതിയും പെരുപ്പിച്ചും ആ ബന്ധങ്ങളുടെ അടിവേരില്‍ കോടാലിവെക്കുന്നു.അതാണ് ഇന്നത്തെ ഫേഷനും പ്രധാന സമയം കൊല്ലിയും.
നമ്മുടെ ഈ പോക്ക് -ബന്ധങ്ങളുടെ മൂല്യങ്ങളും,ആത്മാര്‍ഥതയും,പവിത്രതയും കയ്യൊഴിഞ്ഞു മുഖം മൂടി ധരിച്ച് ചിരിച്ചു കൊണ്ടുള്ള ഈ പോക്ക് - ആശങ്കയാണ് എന്നില്‍ ഉളവാക്കുന്നത്.നമ്മള്‍ സഞ്ചരിക്കുന്ന ഈ വഴി നമ്മള്‍ തന്നെ സ്വയം മാറ്റിച്ചവിട്ടിയെ മതിയാകൂ.അല്ലെങ്കില്‍ ഭാവിയില്‍ അതിന്റെ ദൂഷ്യ ഫലം നമ്മള്‍ ഓരോരുത്തരും അനുഭവികേണ്ടാതായിട്ടുവരും.
അതുകൊണ്ട് ബന്ധങ്ങളെ മുറുകെ പിടിക്കുക.തിരക്കുകള്‍ക്കിടയിലും അവയ്ക്ക് ഒരിത്തിരി സമയം നല്‍കുക.അവയ്ക്ക് വേണ്ട സ്ഥാനവും മാനവും വിലയും കല്‍പ്പിച്ചു നല്‍കുക.ഇന്ന് ഞാന്‍ നാളെ നീ എന്നല്ലേ പറയാറ്..ഇന്ന് നല്‍കിയാല്‍ നാളെ നിനക്ക് ഇരട്ടി കിട്ടും -അവഗണയായാലും അംഗികാരം ആയാലും!ബന്ധങ്ങള്‍- അവയില്‍ മാത്രമേ സത്യമൊള്ളൂ,ജീവനൊള്ളൂ,ആത്മാവൊള്ളൂ,ജീവിത താളം ഒള്ളൂ.നമ്മള്‍ ഈ ഭൂമുഖത്തു നിന്നും മണ്മറഞ്ഞു പോകുമ്പോള്‍ തന്നെയും ഈ ബന്ധങ്ങളുടെ ബലത്തില്‍ നമ്മള്‍ എന്നും ജീവിക്കും.അവരുടെ വാക്കുകളിലുടെയും പ്രാര്‍ത്ഥനയിലുടെയും,കണ്ണീരിലുടെയും നമ്മുക്ക് മറ്റൊരു രൂപത്തിലുള്ള അസ്ഥിത്വം ലഭിക്കും.പക്ഷെ ഒന്നു നമ്മള്‍ അതീവമായി ശ്രദ്ധിക്കണം;ഓരോ ബന്ധങ്ങള്‍ക്കും അതിന്റെതായ സ്ഥാനവും പവിത്രതയും ,അര്‍ത്ഥവും ,ആഴവും ,അടിയൊഴുക്കും മൂല്യവും ഉണ്ട് .അവ അതിന്റെ പൂര്‍ണ്ണ രീതിയില്‍ നമ്മള്‍ക്ക് ജീവിതത്തില്‍ പുലര്‍ത്താന്‍ കഴിയണം.നല്ലതും സുദൃടവുമായ ബന്ധങ്ങളെ അറിയുമ്പോള്‍ ഉള്‍കൊള്ളാനും പ്രോത്സാഹിപ്പിക്കാനും പഠിക്കണം .അവിടെയാണ് ഒരു വ്യക്തിയുടെ വ്യക്തിത്വവും ജീവിതവും വിജയിക്കുക.അല്ലാതെ സ്വരുക്കൂടുന്ന പണത്തിലോ കെട്ടുന്ന കൊട്ടാരത്തിലോ കുടിലിലോ മറ്റു സ്ഥാന മാനങ്ങളിലോ അല്ല.ഒരു നോട്ടം കൊണ്ടു ഒരു പുഞ്ചിരി കൊണ്ടു ഒരു വാക്ക് കൊണ്ടു വിണ്ടെടുക്കാവുന്നതേ ഒള്ളൂ അവ ...പക്ഷെ ആരും അതിനു സന്നധരാവുന്നില്ല.അതാണ് സങ്കടകരം.സ്വന്തക്കാര്‍ പോലും ശത്രുക്കളായി മാറാന്‍ നിമിഷങ്ങള്‍ മാത്രം മതിയാകുന്ന ഈ കാലത്ത് സ്നേഹത്തോടെ പുഞ്ചിരിച്ചു നിങ്ങള്‍ ചേര്‍ന്നിരിക്കുക .നിമിഷങ്ങള്‍ മണിക്കൂറും മണിക്കൂറുകള്‍ കൊല്ലങ്ങളായും മാറുന്നത് നമ്മള്‍ ഇമവെട്ടുന്ന നേരം കൊണ്ടാണ് .....
അതുകൊണ്ട് പ്രിയ സുഹൃത്തുകളെ കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്ന് അറിയുന്ന നിങ്ങള്‍ ഒരിക്കലും ബന്ധങ്ങളെ ബന്ധനങ്ങളായി കാണാതിരിക്കുക.
[എഴുതിയത് :2002-ല്‍]
[ചിത്രം കടപ്പാട് :ഗൂഗിള്‍ ]
[ചിത്രം കടപ്പാട് :ഗൂഗിള്‍ ]
Thursday, June 10, 2010
ട്ടോട്ടോയുടെ കൊച്ചു കഥ
ട്ടോട്ടോ ട്ടോപ്പിയോടു പറഞ്ഞു.
"ടോപ്പി ഞാന്‍ ഒരു കൊച്ചു കഥ എഴുതി.കേള്‍ക്കണോ ?"
കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള ടോപ്പി പറഞ്ഞു:
"ഇതെന്ത് ചോദ്യം ട്ടോട്ടോ.നിന്‍റെ കഥ കേള്‍ക്കാന്‍ എന്നെ മാത്രമല്ലെ കിട്ടൂ :).എന്തായാലും പറ കേള്‍ക്കട്ടെ."
ടോട്ടോ:- "ഉം.കളിയാക്ക്.ന്നാലും ഞാന്‍ നിന്നെയിത് കേള്‍പ്പിക്കും.ഇന്നാ പിടിച്ചോ...
സൃഷ്ട്ടാവ് സൃഷ്ട്ടികളോട്:- 'ഇനി മുതല്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ഇല്ല.നരകം ഇല്ല.എന്നാലും നിങ്ങള്‍ എന്നെ ആരാധിക്കണം,സ്നേഹിക്കണം,ഞാന്‍ പറഞ്ഞ പോലെ നടക്കണം.'
സൃഷ്ട്ടികള്‍- ഓഹോ അത് ശരി.അപ്പൊ മരണത്തോടെ എല്ലാം തീരും.ഇനിയെന്തിന് താങ്കളെ അനുസരിക്കണം.വരൂ ഇനി നമ്മള്‍ക്ക് ആര്‍മ്മാതിക്കാം.
സൃഷ്ട്ടാവ്- 'അപ്പൊ ഞാന്‍ വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗത്തില്‍ മാത്രമായിരുന്നു നിങ്ങളുടെ നോട്ടം.എന്നെ കാണണമെന്ന ആഗ്രഹമൊന്നും ആര്‍ക്കും ഉണ്ടായിരുന്നില്ല.'
വാല്‍കഷണം :- സത്യത്തില്‍ സൃഷ്ടികള്‍ക്ക് തന്നോടുള്ള ഇഷ്ടം അറിയാനായി സൃഷ്ടാവ് സൃഷ്ടികളെ ഒന്ന് പരീക്ഷിച്ചതായിരുന്നു.
എങ്ങിനെയുണ്ട് ട്ടോപ്പീ എന്‍റെ കഥ ? ഇഷ്ട്ടായോ ?"
ട്ടോപ്പി ഒരു തിരിച്ചറിവോടെ ഒന്നും ഉരിയാടാന്‍ ആവാതെ അങ്ങിനെ നിന്നു പോയി.
Tuesday, June 8, 2010
ആശ നാശം
അന്ന് :-
മനസ്സില്‍ ഒരാശതന്‍ കൂമ്പ് പൊട്ടി മുളച്ചു.
അവള്‍ :-
മുളയിലെ ചീയട്ടെ എന്ന ചിന്തയാല്‍
മുക്കാല്‍ ഭാഗവും വെള്ളം കെട്ടിനിര്‍ത്തി.
ഞാന്‍ :-
അതെ ,ഒന്ന് "ചീഞ്ഞാലും " മറ്റൊന്നിനു വളം!!
പക്ഷെ അത് :-
പ്രതീക്ഷകള്‍ തകര്‍ത്ത് വളര്‍ന്ന്
പന്തലിച്ചു പോയി.
ഇനി :-
എന്ത് ചെയ്യും ?
ഞാന്‍ :-
ആശ നാശം!
വെട്ടി മാറ്റി ദൂരെ വലിച്ചെറിയ് !
[എഴുതിയത് :-16/03/2001]
Tuesday, June 1, 2010
ടീച്ചര്‍ പഠിച്ച ജീവിത പാഠം
"എ ബി സി" അറിയാത്ത കുട്ടികള്‍, "ഈസ് വാസ്" എന്ത് എന്ന അറിയാത്ത കുട്ടികള്‍ ഒമ്പതാം തരം വരെ എത്തുന്നത് ടീച്ചേര്‍സ്ന്റെയും നമ്മുടെ evaluational സിസ്റ്റത്തിന്റെയും പോരായിമയാണ് പലപ്പോഴും വിളിച്ചു പറയുന്നത് ...മിക്ക സ്കൂ ളിലും ഒന്‍പതാം ക്ലാസ്സ് വരെ എല്ലാവരെയും അങ്ങിനെ തള്ളി കേറ്റി വിടും ..
ഒരിക്കല്‍ തന്‍റെ ക്ലാസ്സിലെ വളരെ മോശമായ കുട്ടിക്ക് പത്തില്‍ ഒന്‍പതോ എട്ടോ internal assignment ഇനു മാര്‍ക്ക് കൊടുക്കാത്തതിനു ഭീഷണി പോലും ഒരു ക്ലാസ്സ് അധ്യാപകന്റെ വായയില്‍ നിന്നും കേള്‍ക്കാന്‍ ഇടവന്നു ..."seniors പറയുന്നത് ഇന്നലെ വന്നു കേറിയ ജൂനിയര്‍ ടീചെര്സ് അങ്ങട്ട് കേട്ടാ മതി ...അല്ലാതെ പുതിയ പരിഷ്കാരങ്ങളും മറ്റും കൊണ്ട് വന്നു സ്കൂളിന്റെ വിജയ ശതമാനം കുറച്ചാല്‍ ...[എന്‍റെ നേര്‍ക്ക് കൈ ചൂണ്ടി ആ അദ്ധ്യാപകന്‍ ...കേള്‍ക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഭീഷണിയും മുഴക്കി "ഇനിയും ഈ സ്കൂള്‍ ലില്‍ ഒക്കെ തന്നെയല്ലേ... കാണിച്ചു തരാം " എന്ന ഒരു തരം റാഗ്ഗിംഗ് സ്വരം കൂടി കലര്‍ത്തി വിളമ്പി...പിന്നെ ആ സ്കൂളിലെ എന്‍റെ നിലനില്‍പ്പ് ഇനി അധികം പറയണ്ടല്ലോ ..ഊഹികാവുന്നതെ ഒള്ളൂ ല്ലേ ???..ഇങ്ങിനെ പലതരം ഈഗോ ക്ലാഷുകള്‍ മാത്രം ആയി പോകുന്നു പല വിദ്യാലയങ്ങളിലെയും സ്റ്റാഫ് മുറികള്‍ എന്നത് ഏത് ടീച്ചറും ഉള്ളിലെങ്കിലും സമ്മതിക്കും] ...
പലരുടെയും പഠിപ്പിക്കലും ചിലപ്പോള്‍ ഒഴപ്പ് രീതിയില്‍ ആകും...ഇനി ടീച്ചര്‍മാര്‍ ആത്മാര്‍ഥമായി പഠിപ്പിച്ചാല്‍ വീട്ടുകാര്‍ ഫോളോ അപ്പ് നടത്തില്ല ...സ്കൂളിലേക്ക് വിട്ടാല്‍ അവരുടെ ഉത്തരവാദിത്വം തീര്‍ന്നു എന്ന് കരുതുന്ന പാവം മാതാപിതാക്കള്‍ ...ചില വീട്ടുകാര്‍ക്ക് അവരെ പഠിപ്പിക്കാനോ ശ്രദ്ധിക്കാനോ ഉള്ള അറിവ് കാണില്ല ...ഇതെല്ലാം കുട്ടികള്‍ പലപ്പോഴും മുതലെടുക്കും ...ആരെയും കുറ്റപെടുത്താന്‍ കഴിയാത്തൊരു വല്ലാത്ത അവസ്ഥ ..ചില കുട്ടികളുടെ വീട്ടിലെ സ്ഥിതി നേരില്‍ കണ്ടാല്ലോ ഞെട്ടി പോകും ....അവര്‍ ക്ലാസ്സില്‍ എങ്കിലും വന്നു സ്വസ്ഥമായി ഇരിക്കട്ടെ എന്ന് തോന്നും ...അത്രയ്ക്ക് ദുസ്സഹമായ അവസ്ഥ വീട്ടില്‍ ....
ഒരു സ്കൂള്‍ അനുഭവം,എന്‍റെ ബി.എട് ടീച്ചിംഗ് പ്രാക്ടീസ് അനുഭവ കഥയാണ് താഴെ ...
എന്‍റെ ക്ലാസ്സിലെ ഒരു ആണ്‍കുട്ടി സ്ഥിരമായി ലേറ്റ് ആയി വരും ...ഞാന്‍ പുതുതായി ചാര്‍ജ് എടുത്തതു കൊണ്ടും ,വടി എടുക്കില്ല എന്ന് മനസ്സില്‍ തീരുമാനിച്ചതുകൊണ്ടും അവനെ ആദ്യത്തെ രണ്ടു ആഴ്ചയും വാണ്‍ ചെയിതു വിട്ടു ...സ്റ്റാഫ് റൂമില്‍ ചെന്ന് അവരുടെ പഴയ ക്ലാസ്സ് ടീച്ചര്‍നോട് കാര്യം പറഞ്ഞ് .[.എന്നും ആദ്യത്തെ പീരീഡ്‌ന്റെ അവസാനം എത്തുന്ന ആ കുട്ടി മിക്ക ടീച്ചേര്‍സ്ന്റെയും കണ്ണിലെ കരടായിരുന്നു] അവരുടെ മറുപടി സത്യം പറഞ്ഞാല്‍ ഈ ജോലി ആദ്യമായി കൈകാര്യം ചെയ്യുന്ന എനിക്ക് മടുപ്പ് ഉളവാക്കി
"ടീച്ചര്‍ പുതുതായിട്ട ...ആ കുട്ടി തല തെറിച്ചതാ...എത്ര പറഞ്ഞാലും അത് നേരെയാവില്ല...എല്ലാരുടെ കൈയ്യില്‍നിന്നും അവന് കണക്കിന് കിട്ടാറുണ്ട് ..മിക്ക പോഴും പുറത്തു നിര്‍ത്തും ...അല്ലാതെ എന്ത് ചെയ്യാന്‍ ...".
എന്തൊ ആ ടീച്ചര്‍ പറഞ്ഞത് എനിക്കത്ര പിടിച്ചില്ല ..പക്ഷെ ഞാന്‍ ഒന്നും പറയാന്‍ പോയില്ല ....
അങ്ങിനെ പിറ്റേനാള്‍ അവന്‍ വീണ്ടും പതിവ് പോലെ ഒരു കൂസ്സലും ഇല്ലാത്തെ വന്നു നിന്നു ...ക്ലാസ്സ് എടുക്കുമ്പോള്‍ വാതിലിനു മുന്നില്‍ ...നീളം തീരെ ഇല്ലാത്തതു കൊണ്ടു തന്നെയാകും അവന്‍റെ മുഖത്ത് ഒരു ഓമനത്തം ഉണ്ടായിരുന്നു ...പക്ഷെ കണ്ണില്‍ ഒരു കനല്‍ എരിയുന്നതുപോലെ എനിക്ക് തോന്നി ...പക്ഷെ ഇതൊന്നും പുറത്തു കാണിക്കാതെ കുറച്ച് ഗൌരവം പിടിച്ച് അവനെ അടുത്തുവിളിച്ചു ...അടുത്തു വന്ന ഉടനെ അവന്‍ അവന്‍റെ കുഞ്ഞ് കൈ നീട്ടി ...അടി വാങ്ങാന്‍ ...[കാരണം ഇന്നലെ പറഞ്ഞിരുന്നു ഞാന്‍
"ഇനി നാളെയും ഇത് ആവര്‍ത്തിച്ചാല്‍ നീ എന്‍റെ കൈയില്‍ നിന്ന് മേടിക്കും എന്ന് "]...
അവന്‍റെ ആ കുഞ്ഞ് കൈകള്‍ ഞാന്‍ താഴ്ത്തിയിട്ടു ഒന്ന് പുഞ്ചിരിച്ചു ...എന്നിട്ട് പറഞ്ഞ് ..
"പോയി ഇരിക്ക് "...
അവന്‍റെ കണ്ണിലും ഞാന്‍ കണ്ട് ഒരു പുഞ്ചിരി ....ക്ലാസ്സ് കഴിഞ്ഞു ഞാന്‍ പോകുമ്പോള്‍ അവനെ വിളിച്ചു. പുറത്തു വരാന്തയില്‍ കൊണ്ട് പോയി സ്വകാര്യംമായി ചോദിച്ച് ..
"എന്താ പറഞ്ഞാല്‍ കേള്‍ക്കാത്തെ കുട്ടി നീ? ...എന്തുകൊണ്ടാ നീ ഇങ്ങിനെ വൈകി വന്നു എല്ലാ ടീചെര്സിന്റെ കൈയ്യില്‍ നിന്നും എന്നും രാവിലെ അടി വാങ്ങുന്നെ ?കാരണം പറയരുതോ ?"
എന്നെ നോക്കി,ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തെ മറുപടി അവന്‍ പറഞ്ഞു...
"ടീച്ചര്‍ക്കും ഇന്നെ മറ്റുള്ളവരെ പോലെ തല്ലി കൂടെ..
ന്നാപ്പോ ഒരു പ്രശ്നൂം ഇല്ലല്ലോ ?"...
ഞാന്‍ ഒന്ന് ഞെട്ടി സത്യത്തില്‍ ..അത് പുറത്തു കാണിക്കാതെ വീണ്ടും ഞാന്‍ പറഞ്ഞു
"അത് കൊണ്ട് എന്ത് കാര്യം ..നീ വീണ്ടും അത് പോലെ തന്നെ ..
.ടീചെര്സിനോട് കാരണം പറഞ്ഞു കൂടെ ..
എത്ര നാളാ ഈ അടിയും വാങ്ങി ഇങ്ങിനെ പോവുക..."...
അവന്‍ വളരെ പക്വമായി പറഞ്ഞു
"അതിനു ഒരു ടീച്ചറും എന്നോട് ഇത് വരെ കാരണം ചോദിച്ചില്ലല്ലോ ?
പല ടീച്ചറും ചോദ്യവും അടിയും ഒപ്പം തരും ...
അപ്പൊ കൈ വേദനികുമ്പോ മറുപടി പറയാന്‍ ഇനിക്ക് കൈയുല ടീച്ചര്‍ ..
ഇപ്പൊ കിട്ടി കിട്ടി ശീലോം ആയി ...
ടീച്ചര്‍ പുതിയതായിട്ട ഈ ചോദ്യം ഒക്കെ "...
അവനോടു എന്താ മറുപടി പറയേണ്ടത് എന്നറിയാതെ കുഴങ്ങി ഞാന്‍ അപ്പോള്‍ ...
"ശരി കഴിഞ്ഞതൊക്കെ കഴിഞ്ഞു ...
ഇത്ര ദിവസവും ഞാന്‍ നിന്നെ അടിക്കാതെ
കാരണം ചോദിച്ചില്ലേ ഇനി പറ ...
എന്താ നീ വൈകി വരുന്നേ ?"
അവന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ ഉരുണ്ടു കൂടാന്‍ തുടങ്ങി ....ഉടനെ കണ്ണുകള്‍ കവിഞ്ഞൊഴുകാന്‍ സമ്മതികാതെ അവന്‍ അത് തുടച്ചു നീക്കി, മെല്ലെ വിങ്ങല്‍ ഒതുക്കി പറഞ്ഞു
"ടീച്ചര്‍ എന്‍റെ വീട് ഒരു പാട് ദുരെയാണ് ..."
"ഓഹോ !അവിടുന്ന് ബസ്സും ഒന്നും ഇല്ലേ സ്കൂളിലേക്ക് ?"
"ഉണ്ട് ,പടിക്കകൂടി തന്നെ പോകും ബസ്സ് ഒക്കെ "
"അപ്പൊ പിന്നെ എന്താ ?"
"അതില് കേറാന്‍ പൈസവേണ്ടേ ടീച്ചര്‍" ...
"ശരി,സമ്മതിച്ചു ...നിനക്ക് പോയിവരാന്‍ പൈസ ഞാന്‍ തരാം..
അപ്പൊ ഇനി നേരത്തെ വരല്ലോ ക്ലാസ്സില്‍ക്ക്"..
"ഇല്ല ടീച്ചര്‍ "
"അതെന്താ ?"
"ടീച്ചര്‍ അതെല്ല ന്‍റെ പ്രശനം ...
അത് ഞാന്‍ ഇന്നേ വരെ ആരോടും പറഞ്ഞിട്ടില്ല ഇവിടെ .."..
കാരണം പറയാതെ ഒഴിഞ്ഞു മാറാന്‍ നോക്കുന്ന അവന്‍റെ ഉള്ളില്‍ അവന്‍ വെള്ളം കോരി ഒഴിച്ചു കെടുത്താന്‍ നോക്കുന്ന ആ കനല്‍ പുകയുന്നത് കണ്ട് വീണ്ടും എന്‍റെ ഒരു ശ്രമം.
" ശരി എന്ന നിന്‍റെ ഉപ്പനോടും ഉമ്മനോടും എന്നെ വന്നു ഒന്ന് കാണണംന്നു പറ .
അവര് പറയുമോ നോക്കട്ടെ കാരണം "...
"ഇല്ല ടീച്ചറെ അവര് ടീചെര്നെ കാണാന്‍ വരില്ല "...
"അതുശരി,ന്നാ ഞാന്‍ നിന്‍റെ വീട്ടിലേക്കു വന്നു അവരെ കാണുന്നുണ്ട് ...അപ്പോഴോ?"..
"ടീച്ചര്‍ വന്നോള്..പക്ഷെ ഇനിക്ക് കാണിച്ചു തരാന്‍ വീട്ടില്‍ ഉപ്പയില്ല..ഉപ്പ മരിച്ചിട്ട് കുറെയായി...ഇമ്മ തളര്‍ന്നു കിടക്ക ...
ന്‍റെ താഴെ ഒരു അന്ജത്തി,ഒരു ചെറിയ അന്ജനും ആണ്"
മെല്ലെ മെല്ലെ അവന്‍ പറഞ്ഞുതുടങ്ങി ....
"ഞാന്‍ സുഭയിക്ക് നീക്കും ...
പിന്നെ പേപ്പര്‍ കൊണ്ട് പോയി ഇടും വിടാളില് ...
അത് കൈഞ്ഞാ അടുത്ത വീട്ടിലെ
ഇക്കാന്റെ തോട്ടത്തിലെ പച്ചകറി ഇര്‍ത്തു
അത് ചന്തേ കൊണ്ടോയി കൊടുത്തിട്ട് പോരുന്ന വൈക്കാ സ്കൂള്‍ ലില് കേറാ ...
ഞാനാ കുടുംബം നോക്കുന്നെ ...
ചിലപ്പോ ഇനി കൂടുതല് ദിവസം സ്കൂളില്‍ വരാന്‍ പറ്റുല്ല ..
.ഈ വര്‍ഷത്തോടെ ഞാന്‍ പടുത്തം നിര്‍ത്തും ...
അടുത്തവര്‍ഷം ന്‍റെ അന്ജത്തിനെ ചേര്‍ക്കണം സ്കൂള്‍ലില് ..."..
ഇത്രയും പറയുമ്പോള്‍ അവന്‍റെ മുഖത്ത് സങ്കടത്തെക്കാള്‍ "ഇനി എന്ത് " എന്ന ചോദ്യം ചിഹ്നംമാണ് കുടുതല്‍ കാണാന്‍ കഴിഞ്ഞത് ...അന്ന് രാവിലെ പോലും, ശമ്പളം ഒന്നും കിട്ടാത്ത ഞാന്‍, എന്‍റെ ഉമ്മാന്റെ കയ്യില്‍ നിന്നും ബസ് കൂലിയും മറ്റും വാങ്ങി അല്ലല്ലില്ലാതെ പോന്നവാളാണ് ഈ ടീച്ചര്‍ ...പഠിപ്പിക്കാന്‍ ചെന്ന എനിക്ക് ആ കുട്ടി നല്‍കിയ ജീവിത പാഠം എത്രയോ വലുതായിരുന്നു ... സത്യത്തില്‍ ഞാന്‍ ആകെ ചെറുതായി പോയി അവന്‍റെ ആ വലിയ ജീവിതത്തിനും മനസ്സിനും മുന്നില്‍ ..
ഒന്നും പറയാനോ ചെയ്യാനോ കഴിയാതെ അവന്‍റെ തോളില്‍ തട്ടി "ഇവനായി എന്ത് ഞാന്‍ ചെയ്യും?" എന്ന മറു ചോദ്യവുമായി ഈ പുത്തന്‍ ടീച്ചര്‍ മെല്ലെ നടന്നു നീങ്ങി ...ഒപ്പം എന്തുകൊണ്ട് മറ്റു നാട്ടുകാരായ ടീച്ചര്‍മാര്‍ അവനോടു ഇതുവരെ കാരണം ചോദിക്കാതിരുന്നു എന്ന സംശയത്തിനുത്തരം കണ്ടെത്തി എന്ന തെല്ല് ആശ്വാസം മാത്രം കൂട്ടിന് ...
Subscribe to:
Posts (Atom)