വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Wednesday, September 2, 2009

വിധിനിഷേധാതീതമായ നിത്യബാല്യം സി.രാധാകൃഷ്‌ണന്‍





"നാലപ്പാടന്റെ കുലീനവും സുഭഗസുന്ദരവുമായ ചിന്തയുടെയും ഭാഷാശൈലിയുടെയും തറവാട്ടില്‍ ജനിച്ച ഒരു പെണ്‍കുട്ടി, ബാലാമണിയമ്മയുടെ അമൃതതുല്യമായ മാതൃസ്‌നേഹത്തിന്റെ പരിലാളനയില്‍ വളര്‍ന്നു. ജന്മനാ കുസൃതിക്കാരിയും അല്‍പ്പം വികൃതിയുമായ ആ കുട്ടി ആയുഷ്‌ക്കാലം മുഴുക്കെ ഒരു കളിക്കുട്ടിയായി തുടര്‍ന്നു. ബാലഗോപാല സങ്കല്‍പത്തിനൊരു പെണ്‍രൂപം സ്വയം വിഭാവനം ചെയ്‌ത്‌ അതായി ജീവിച്ചു.

അടുക്കളയിലെ പാല്‍ക്കുടങ്ങളൊക്കെ തല്ലിയുടച്ചുകൊണ്ടായിരുന്ന തുടക്കം. തന്റെ അടുക്കളയിലേതു മാത്രമല്ല ഒരുപാട്‌ അടുക്കളകളില്‍ ഈ കുടമുടയ്‌ക്കല്‍ അരങ്ങേറി. വിഷമിച്ച പലരും പരാതികള്‍ പുറപ്പെടുവിച്ചു. തായാട്ടു കാട്ടുന്ന ശിശുക്കളെ താഡിച്ചും ശിക്ഷിച്ചും വളര്‍ത്തണം എന്നുവരെ പറഞ്ഞു. പക്ഷേ, ആ കുട്ടിയുടെ മുഖത്തുനോക്കി അപ്രിയമായൊരു വാക്കു പറയാന്‍ പോലും ആരും മുതിര്‍ന്നില്ല. കാരണം, ആ കുട്ടിയുടെ കയ്യില്‍ കവിതയുടെ ഓടക്കുഴലുണ്ടായിരുന്നു. മുഖത്ത്‌ ആരെയും നിരായുധരാക്കുന്ന കള്ളച്ചിരിയും.

ഊണ്‍മേശമര്യാദകളോ അടുക്കള വഴക്കങ്ങളോ ഒന്നും പുല്ലിനു കൂട്ടാക്കാതെയാണ്‌ പെരുമാറിയത്‌. ഇഷ്ടമുള്ളത്‌ പറയും, ചെയ്യും. കുറേ കൂട്ടൂകാര്‍ എപ്പോഴും കൂടെ വേണം. തന്നെ എല്ലാവരും എപ്പോഴും സ്‌നേഹിച്ചുകൊള്ളണമെന്നതായിരുന്നു പ്രധാന ശാഠ്യം. അത്‌ നടക്കാതെ വരുമ്പോള്‍ എന്തും ചെയ്‌തുപോകും, പറഞ്ഞുപോകും. പക്ഷേ, അതൊന്നും ഒരു കല്‌മഷവും കൂടാതെയാണ്‌. അന്നേരം തന്നെ മറന്നിട്ടുമുണ്ടാവും.
ഇഷ്ടാനിഷ്ടങ്ങള്‍ മറച്ചുവയ്‌ക്കുന്ന ഏര്‍പ്പാടില്ല. `ദയവായി എന്നോട്‌ സംസാരിക്കരുത്‌, എനിക്ക്‌ നിങ്ങളെ ഇഷ്ടമല്ല!' എന്ന്‌ ആരോടും പറയാന്‍ ഒരു മടിയുമില്ല. ആ അനിഷ്ടം എന്നേക്കുമുള്ളതാണെന്നു ധരിക്കരുത്‌. പിറ്റേന്നു തന്നെ അതേ കക്ഷിയോട്‌ ചോദിക്കും, `നിങ്ങളെന്താ എന്നോട്‌ മിണ്ടാത്തത്‌, ഇതു നല്ല പുതുമ!'

പരമ്പരാഗതങ്ങളായ മൂല്യങ്ങളെന്ന പേരില്‍ അറിയപ്പെടുന്ന പലതും പഴന്തുണി പോലെ കീറിവലിച്ചെറിയുന്നതൊരു വിനോദമാക്കിയിരുന്നു. ഇന്നയിന്ന വികാരങ്ങള്‍ പുരുഷന്‌, ഇന്നയിന്നത്‌ സ്‌ത്രീക്ക്‌ എന്ന തരംതിരിവ്‌ അപ്രസക്തമാണെന്ന്‌ പറയുകയും പാടുകയും എഴുതുകയും ചെയ്‌തു. എല്ലാവരും മനുഷ്യരാണ്‌, വികാരങ്ങളുടെ കാര്യത്തില്‍ ഒരു സംവരണവും പാടില്ല. വിധേയത്വം ഒരു വണ്‍വേ ഏര്‍പ്പാടല്ല. ആരുടെയും സ്വാഭാവിക പ്രകൃതിയിന്മേല്‍ ആര്‍ക്കും ഒരു യജമാനത്തവും അനുവദനീയമല്ല. പന്തിയിലിരിക്കുന്നത്‌ ആണായാലും പെണ്ണായാലും വിഭവങ്ങളൊക്കെ പക്ഷഭേദമില്ലാതെ വിളമ്പിക്കിട്ടണം.

സ്വപ്‌നങ്ങളുടെ രാജ്യത്ത്‌ ജീവിക്കാനാണ്‌ ഇഷ്ടം. ഏത്‌ ദുഷ്ടനെയും ഒരു മാലാഖയായി കാണാനും ഒരു പ്രയാസവും ഇല്ല. എന്നാലോ, കണ്ണടച്ചു തുറക്കും മുന്‍പ്‌ കാഴ്‌ചയിലെ ആളും തരവും നേരെ വിപരീതമായി മാറിയതായി വിചാരിക്കുകയും ചെയ്യും.
കളിപ്പാട്ടങ്ങള്‍ വളരെ ഇഷ്ടം. പക്ഷേ, അതില്‍ ഏതും ആര്‍ക്കും കൊടുക്കാന്‍ തയ്യാര്‍. കൊടുക്കാന്‍ തോന്നണമെന്നു മാത്രം. കയ്യിലെ വളയായാലും കാശായാലും ഉടുപുടവയായാലും സ്വന്തം ഹൃദയം തന്നെ ആയാലും വ്യത്യാസമില്ല. വല്ലതും കൊണ്ടുപോയവരോട്‌ അപ്രീതി തോന്നിയാല്‍ `ആ കള്ളന്‍ എന്നെ പറ്റിച്ചു!' എന്നു പറയാറുമുണ്ട്‌. എന്നുവച്ച്‌, അതേ ആള്‍ക്ക്‌ പിന്നീട്‌ പറ്റിക്കാന്‍ അവസരം നല്‍കില്ല എന്നില്ല. അതുമൊരു രസം!
ഓരോ ദിവസവും വേറെയാണ്‌ എന്ന സമീപനമാണ്‌ പെരുമാറ്റത്തിലെ ഈ നിത്യപ്പുതുമയ്‌ക്ക്‌ കാരണം. ഉണര്‍ന്നെഴുന്നേല്‍ക്കുന്നതോടെ സ്ലേറ്റില്‍ തലേന്നാള്‍ വരച്ചതും എഴുതിയതുമൊക്കെ മായുന്നു. ഇന്നത്തെ ചിത്രംവര ഒരിക്കലും മായില്ലെന്ന്‌ ഓരോ ദിവസവും വിശ്വസിക്കുന്നു. എന്നിട്ട്‌, ഉടനെതന്നെ, ചിലപ്പോള്‍ തൊട്ടടുത്ത നിമിഷം, മൊത്തം തുടച്ചുമായ്‌ക്കും, അതും വാശിയോടെ. സ്ലേറ്റിലെ ചില വരകള്‍ക്ക്‌ കുറച്ചുകൂടി ആയുസ്സുണ്ടാകും. കുറച്ചുകാലം കൃഷ്‌ണനായിരുന്നു ഇഷ്ടദേവത. ഗോപികയായ രാധയാണ്‌ താനെന്ന്‌ ഉറപ്പിച്ചു. ആ ഉറപ്പില്‍ മനസ്സുകൊണ്ട്‌ കുറേ നൃത്തം ചെയ്‌തു, പാടി രസിച്ചു. `ഗുരുവായൂരിലെ കൃഷ്‌ണനെ ഞാന്‍ എന്റെ കൂടെ കൊണ്ടുപോന്നു!' എന്നുപറഞ്ഞ്‌ മറ്റു ഭക്തരെ ഹാലിളക്കിയത്‌ അക്കാലത്താണ്‌. കളിക്കാന്‍ കൂട്ടിനു കിട്ടാത്ത ഒരാളാണ്‌ കൃഷ്‌ണനെന്ന്‌ തോന്നിയപ്പോള്‍ `കള്ളകൃഷ്‌ണാ, വേല കയ്യിലിരിക്കട്ടെ!' എന്ന്‌ മുഖം വീര്‍പ്പിച്ചു മാറി.

ആരെയെങ്കിലും ഇഷ്ടമില്ലെന്നു തോന്നിയാല്‍ അയാളെ വിറളി പിടിപ്പിക്കുക പതിവാണ്‌. ഇക്കാര്യത്തില്‍ കുടുംബത്തില്‍ത്തന്നെ ഉള്ളവരോ അടുത്ത കൂട്ടുകാരോ അന്യരോ ആരായാലും ഒരുപോലെയാണ്‌. ഇതുമൊരു കളിയാണ്‌. മറ്റുള്ളവര്‍ക്ക്‌ തന്നോടുള്ള സ്‌നേഹം തുടരെത്തുടരെ പരീക്ഷണവിധേയമാക്കലും ഒരു വിനോദമാണ്‌. അതില്‍ ജയിച്ചാല്‍ ജയിച്ചവര്‍ക്ക്‌ സമ്മാനങ്ങള്‍ കിട്ടും. തോറ്റാലും കുഴപ്പമില്ല. തോല്‍പ്പിച്ചതിലുള്ള സഹാനുഭൂതി വാത്സല്യമായിത്തീരും. ഒളിച്ചുകളിയില്‍ കണ്ടുപിടിക്കപ്പെട്ട്‌ കരയുന്ന കളിക്കൂട്ടുകാരനോട്‌ ജയിച്ച കുട്ടിക്കുള്ള പ്രിയം!

മനസ്സിലുള്ളതിന്റെ നേര്‍പ്പകര്‍പ്പാണ്‌ എഴുത്ത്‌. അതിനാല്‍, വാമൊഴിയും വരമൊഴിയും തമ്മില്‍ അന്തരമൊന്നുമില്ലാതാവുന്നു. വാമൊഴി തന്നെ വരമൊഴിയായി തീരുന്നതാണ്‌ ഭാഷയുടെ സുകൃതമെന്നാണല്ലോ പറയാറ്‌. കാരണം, അപ്പോള്‍ ആ എഴുത്തിനും വായനക്കാരനുമിടയില്‍ ഒരു വൈയാകരണനോ ശബ്‌ദാവലിക്കാരനോ ഇല്ലാതാകുന്നു. തടയണയായി ഒരു പരിഭാഷകനില്ലാത്ത ആശയവിനിമയത്തിന്റെ സുഖവും തൃപ്‌തിയും കിട്ടുന്നു.

നാലപ്പാടന്‍ തന്നെ തുടങ്ങിവച്ചതാണ്‌ ഭാഷയില്‍ ഈ മാറ്റം. ഗദ്യം വലിയൊരു അളവോളം ലളിതവും അതിനാല്‍ ഹൃദ്യവുമാക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ബാലാമണിയമ്മ കവിതയില്‍ ഈ ചുവടുവയ്‌പ്പ്‌ തുടര്‍ന്നു. പക്ഷേ, എല്ലാ ശീലായ്‌മകളും മാഞ്ഞാലുകളും നൊമ്പരങ്ങളും കിനാവുകളും വേരുകളറ്റുപോകാതെ പറിച്ച്‌ അനുവാചകന്റെ മനസ്സില്‍ നടുന്ന ഭാഷ മാധവിക്കുട്ടിയോടെയാണ്‌ വരുന്നത്‌. ഈ ഭാഷയില്‍ നട്ടത്‌ വേഗം പുതുനാമ്പെടുക്കുന്നു. ഇതൊരു കാലഘട്ടത്തിന്റെ സവിശേഷത കൂടിയായിരുന്നു. ബഷീറും തകഴിയും പൊറ്റക്കാടും ഉറൂബുമൊക്കെ ഇതേ വഴിയിലാണല്ലോ നടന്നത്‌.

ശ്ലീലാശ്ലീലങ്ങള്‍ക്കിടയിലെ പരമ്പരാഗതമായ അണക്കെട്ട്‌ തട്ടിപ്പൊട്ടിച്ചതാണ്‌ ഏറ്റവും വലിയ വികൃതിയായി എണ്ണപ്പെട്ടത്‌. എഴുത്തുകാരില്‍ ചില പുരുഷന്മാര്‍ ഇതു ചെയ്യാന്‍ നേരത്തെ ശ്രമിച്ചിരുന്നു. ആണുങ്ങള്‍ക്ക്‌ എന്തുമാകാമെന്നതിനാല്‍ (`കേറിപ്പോരാം കുളുര്‍ക്കനെ!') അതാരും കാര്യമായെടുത്തില്ല. പക്ഷേ പെണ്ണൊരുത്തിയുടെ വകയാവുമ്പോള്‍ ബഹളമുണ്ടാക്കാതൊക്കുമോ? അതും, നാലപ്പാട്ടെ ഒരു പെണ്ണൊരുത്തി! നാലുകെട്ടിലും തട്ടിന്‍പുറത്തും നടക്കുന്നതൊന്നും നാലാളറിയരുതെന്നും അറിഞ്ഞാല്‍ പിന്നെ ചാവുകയാണ്‌ ഭേദമെന്നും കരുതിയ സമൂഹത്തിന്റെ പ്രതിനിധി!

ബഹളം കണ്ടപ്പോള്‍ കുസൃതിക്കാരി കുട്ടിക്ക്‌ നന്നേ പിടിച്ചു. എന്നാല്‍ കുറച്ചുകൂടി ആവട്ടെ എന്നു നിശ്ചയിച്ചു. തുടര്‍ക്കഥ പോലെ ഓരോ ചെറിയ ഡോസ്‌ കൊടുത്തു തുടങ്ങി. ആ പണി പറ്റി. അരിശം മൂത്തവര്‍ പുരയുടെ ചുറ്റും മണ്ടി നടന്നു. അവര്‍ ആ മണ്ടന്‍ മണ്ടല്‍ ഒന്നു നിര്‍ത്തിയാല്‍ ഉടനെ അടുത്ത ഡോസ്‌ കൊടുത്തു!

തന്റേതുമാത്രമായ ഒരു സ്വാതന്ത്ര്യബോധം ഈ കുട്ടിയുടെ എല്ലാ കളികള്‍ക്കും പിന്നില്‍ ഉണ്ടായി. അത്‌ കൈവന്നത്‌ പാശ്ചാത്യസാഹിത്യവുമായുള്ള പരിചയത്തില്‍ നിന്നാണ്‌. കാര്യമായി പഠിച്ച ഭാഷ ഇംഗ്ലീഷായിരുന്നല്ലോ. അതു പഠിച്ചതും മലയാളം ഐച്ഛികമായോ അനൗപചാരികമായിപ്പോലുമോ പഠിക്കാത്തതും അനുഗ്രഹങ്ങളായി. ഇംഗ്ലീഷ്‌ പഠിച്ചത്‌ പുറം ലോകത്തെ പരിചയപ്പെടുത്തിക്കൊടുത്തു. മലയാളം പഠിക്കാത്തത്‌ തന്റെ ഉള്ളിലെ ഇടനാഴിയിലെ മലയാളം ഉപയോഗിക്കാന്‍ ഇട വരുത്തുകയും ചെയ്‌തു.

ഈ വിഭജനം, ഒരേ ആളില്‍ രണ്ടാളുണ്ടാകാന്‍ കാരണവുമായി. ഒന്ന്‌ കുസൃതിക്കാരിയും നാലുകെട്ടിന്റെ വടക്കിനിയിലും തെക്കിനിയിലും നടക്കുന്നതിനൊക്കെ സാക്ഷിയുമായ ഒരു വായാടിപ്പെണ്ണ്‌. മറ്റേത്‌, ആധുനിക മനുഷ്യന്റെ സ്വത്വപ്രതിസന്ധിയില്‍ ഭാവപരമായ പുതുമാനങ്ങള്‍ അവതരിപ്പിക്കുന്ന കവിതകള്‍ ഇംഗ്ലീഷില്‍ എഴുതുന്ന കവി. കേരളത്തില്‍ ആളുകള്‍ ഇവരോട്‌ വിറളി പിടിക്കുന്നതെന്തിനെന്ന്‌ ആ കവിതകള്‍ വായിക്കുന്ന പുറംലോകത്തിനോ ആ കവിതകള്‍ എന്തിനുതകുന്നെന്നും എന്തിനായി ലോകം ഇവരെ ആദരിക്കുന്നുവെന്നും ഇവിടെയുള്ളവര്‍ക്കോ ഇന്നേവരെ ശരിയായി മനസ്സിലായിട്ടുമില്ല.
ഈ കഥാനായികയുടെ വികൃതികള്‍ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചതും സഹായിച്ചതും മാദ്ധ്യമക്കാരെയാണെന്നു തോന്നുന്നു. അവര്‍ക്ക്‌ എന്നും പുതുമയുള്ള `കഥകള്‍' കിട്ടി. അവ വിവാദങ്ങളിലേക്ക്‌ നയിക്കുകയും ചെയ്‌തു. പക്ഷേ, അവരോടൊപ്പം ഓടിയെത്താന്‍ പലപ്പോഴും പ്രയാസമായി. നല്ലപോലെ വിയര്‍ക്കുകയും കിതയ്‌ക്കുകയും വേണ്ടിവന്ന സന്ദര്‍ഭങ്ങളുണ്ടായി.
താന്‍ ലോകത്തെ കളിപ്പിക്കുകയാണെന്നായിരുന്നു മാധവിക്കുട്ടിയുടെ വിചാരം. പലപ്പോഴും മറിച്ചായിരുന്നു യാഥാര്‍ത്ഥ്യമെന്ന്‌ അവര്‍ മനസ്സിലാക്കുന്നത്‌ വളരെ വൈകിയാണെന്നു തോന്നുന്നു. മനസ്സിലായി എന്നു തീര്‍ച്ചയുമില്ല. `നിങ്ങളെ എനിക്ക്‌ ഇഷ്ടമായി' എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ ഏഴു ദിവസം സന്തോഷിക്കുകയും മറിച്ചാരെങ്കിലും ഒരു നോട്ടം കൊണ്ടെങ്കിലും സൂചിപ്പിച്ചാല്‍ ഏഴുകൊല്ലം സങ്കടപ്പെടുകയും ചെയ്യുന്ന ഒരാളെ കളിപ്പിക്കാന്‍ എന്തു പ്രയാസം!

രണ്ടും ഒരിക്കലും പറയാത്തതിന്‌ എന്നോട്‌ സ്‌നേഹം കലര്‍ന്ന പരിഭവം ഉണ്ടായിരുന്നെന്ന്‌ ഏറെ കാലത്തിനു ശേഷം അവരെന്നെ അറിയിക്കുകയുണ്ടായി. `അത്‌ നന്നായി' എന്നു പറഞ്ഞു. ഇണങ്ങിയും പിണങ്ങിയും ആടിക്കളിച്ച പല്ലുകളൊക്കെ കൊഴിഞ്ഞുപോയി എന്നൊരു ചിരിയും എനിക്കു സമ്മാനിച്ചു.
എനിക്കവരെ പരിചയപ്പെടാന്‍ സാധിച്ചത്‌ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയേഴിലാണ്‌. ആ ദിവസം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ ആയിരുന്നു എനിക്കന്ന്‌ ജോലി. ഞാന്‍ ചേട്ടനെന്നു വിളിക്കുന്ന പി.കെ.രവീന്ദ്രനാഥും അന്ന്‌ ആ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ രവിയേട്ടന്‍ പറഞ്ഞു. ഉച്ചയൂണിന്‌ ഒരു ക്ഷണമുണ്ടെന്ന്‌. എന്തു വക എന്നു ചോദിച്ചപ്പോള്‍ അതൊരു സസ്‌പെന്‍സായിരിക്കട്ടെ എന്ന്‌ മുദ്ര കാണിച്ചു. സഹപ്രവര്‍ത്തകരാരെങ്കിലും എന്തെങ്കിലുമൊരു വിജയമോ നേട്ടമോ ആഘോഷിക്കുകയാവും എന്നേ ഞാന്‍ വിചാരിച്ചുള്ളൂ.

ഉച്ചയ്‌ക്ക്‌ ടാക്‌സിയില്‍ കയറിയപ്പോഴാണ്‌ പറഞ്ഞത്‌, ലഞ്ച്‌ തരുന്നത്‌ മാതൃഭൂമിയുടെ മാനേജിങ്‌ ഡയറക്ടറായ വി.എം.നായരാണെന്ന്‌. മാധവിക്കുട്ടിയുടെ വീട്ടിലാണ്‌. എന്നുവച്ചാല്‍ അവരുടെ ഭര്‍ത്താവ്‌ മാധവദാസിന്റെ ഔദ്യോഗിക വസതിയില്‍. അദ്ദേഹം റിസര്‍വ്വ്‌ ബാങ്കില്‍ സീനിയര്‍ ഓഫീസറാണ്‌. `നിന്നെ കൊണ്ടുചെല്ലണമെന്ന്‌ പ്രത്യേകം പറഞ്ഞത്‌ മാധവിക്കുട്ടിയാണ്‌' എന്ന ഭരതവാക്യത്തോടെയാണ്‌ ആ ബ്രീഫിങ്‌ അവസാനിച്ചത്‌. ഞാന്‍ അവരെ കണ്ടിട്ടേയില്ലന്നറിയിച്ചപ്പോള്‍ രവിയേട്ടന്‍ തുടര്‍ന്നു, `കാണാതിരിക്കരുതാത്ത ഒരാളാണ്‌.'

പറഞ്ഞുവരുന്ന വിഷയവുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊന്നിലേക്ക്‌ ഓര്‍ക്കാപ്പുറത്ത്‌ എടുത്തുചാടി മുന്നേറിയ ആ `പരിചയപ്പെടന്‍ അഭിമുഖം' കാറല്‍ മാര്‍ക്‌സ്‌, അല്‍ബേര്‍ കമ്യൂ എന്നിവരിലൂടെയും കേരളത്തിലെ മുത്തശ്ശിമാരിലൂടെയും അമ്മമാരിലൂടെയും, ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ മഹിമയിലൂടെയും (`കമ്മ്യൂണിസ്റ്റായാലെന്താ, ആഢ്യനല്ലെ, അഷ്ടഗ്രഹത്തിലെ ആഢ്യന്‍!'), മൈലാഞ്ചിയിലും മാര്‍ക്‌സിസത്തിലും പൊതുവായുള്ള ചുവപ്പിലൂടെയും ആ ചുവപ്പിന്‌ ബംഗാളിലും കേരളത്തിലും പ്രിയമുണ്ടായതിനു പിന്നില്‍ മൈലാഞ്ചിക്കുള്ള സ്വാധീനത്തിലൂടെയും പുതുവെള്ളത്തിലെ മീന്‍ പോലെ തുള്ളിനീങ്ങി.

എന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചത്‌ ആരാണെന്ന ചോദ്യം ഓര്‍ക്കാപ്പുറത്താണ്‌ പൊട്ടിവീണത്‌. അതെന്റെ അമ്മയാണ്‌ എന്നു പറഞ്ഞപ്പോള്‍ അടുത്ത ചോദ്യം വന്നു. അതിനെന്താണ്‌ തെളിവ്‌? ഞാന്‍ ജനിക്കുന്നതിനു മാസങ്ങള്‍ക്ക്‌ മുന്‍പേതന്നെ അവരെന്നെ നിരുപാധികം ഇഷ്ടപ്പെട്ടുതുടങ്ങിയല്ലോ എന്ന വിശദീകരണം ആ ചര്‍ച്ചയ്‌ക്കിടയില്‍ ഒരു മഹാകാര്യം സാധിച്ചു: ഒരു മിനിറ്റുനേരം മാധവിക്കുട്ടി മൗനിയായി.
കാലമേറെ കഴിഞ്ഞു. ബാലാമണിയമ്മയും പോയതില്‍പ്പിന്നെ ഒരു ദിവസം ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ മാധവിക്കുട്ടി എന്നോട്‌ മുന്നറിയിപ്പില്ലാതെ പറഞ്ഞു, `ഞാന്‍ ജനിക്കുന്നതിന്‌ കോടിക്കണക്കിന്‌ കൊല്ലം മുന്‍പേ മുതല്‍ എന്നെ ഏറ്റവും ഗാഢമായി സ്‌നേഹിച്ച ആളെ ഞാന്‍ അന്വേഷിച്ചു പിടിച്ചു - പരമകാരുണികനായ ദൈവം!'
എറണാകുളത്തെ `റെന്യൂവല്‍ സെന്ററി'ല്‍ വച്ച്‌ ഒരു രാവിലേയായിരുന്നു ഇത്‌. പിറ്റേന്നാളത്തെ പത്രം കേരളത്തെ എതിരേറ്റത്‌ അവര്‍ മതം മാറി എന്ന വാര്‍ത്തയുമായിട്ടായിരുന്നു. ഇതുമൊരു ഫാന്‍സി മാത്രമാണ്‌. ഏറെ കാലത്തേക്ക്‌ ഉണ്ടാവില്ല, എന്നൊക്കെ പ്രവചിച്ചവര്‍ക്ക്‌ തെറ്റി. ഈ അവസാനക്കളി കാര്യം തന്നെയായി.

പുളച്ചു ചാടി വായുവിലേക്കുയരുന്ന നിമിഷം മുതല്‍ തിരികെ വെള്ളത്തിലേക്ക്‌ വീഴുവോളമുള്ള ഒരവസ്ഥയാണ്‌ ജീവിതമെന്നതിനാല്‍ ആരും മരിക്കുന്നില്ല എന്നു കരുതാനാണ്‌ ഗീത ഉപദേശിക്കുന്നത്‌. ആ ചാട്ടത്തിന്റെ ഇമ്പവും വിഹ്വലതകളും ശ്വാസംമുട്ടും സാഹസികതയുമെല്ലാം അനുഭവിച്ചതില്‍പ്പിന്നെ അസാധാരണക്കാരിയായ ഈ എഴുത്തുകാരി ജലത്തില്‍ത്തന്നെയുണ്ട്‌. അതിനാല്‍, അവിടെ തിരിച്ചെത്തിയിട്ടില്ലാത്തവര്‍ക്ക്‌ സങ്കടപ്പെടാന്‍ വാസ്‌തവത്തില്‍ ഒന്നുമില്ല."

(കടപ്പാട്‌ : ഭാഷാപോഷിണി)
http://www.keraleeyamonline.com/php/disNewsDetails.php?newsID=162&catID=൮
[MY SINCERE THANKS TO MY DEAR FRIEND
RAJESHWARI WHO FORWARDED THIS TO ME THROUGH THE MAIL.THANKS FRIEND.THANK YOU VERY MUCH]